സ്വര്‍ണത്തട്ടിപ്പ് കേസ്; ഐടി സെക്രട്ടറിക്ക് എതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം- സ്വര്‍ണത്തട്ടിപ്പ് കേസില്‍ ഐടി സെക്രട്ടറി എം ശിവശങ്കരനെതിരെ നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരില്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. നേരത്തെ സ്പ്രിംക്ലര്‍ കരാറിലൂടെ വിവാദമുണ്ടാക്കിയ ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ്. അതുകൊണ്ട് തന്നെ സ്വര്‍ണതട്ടിപ്പുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള ഇയാളുടെ ബന്ധവും ക്രിമിനല്‍ റെക്കോര്‍ഡുള്ള ഒരാളുടെ നിയമനവുമൊക്കെ ശിവശങ്കറിന് നേരെ ഉയരുന്ന ചോദ്യങ്ങളാണ്.

സര്‍ക്കാരിന് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും താന്‍ അറിഞ്ഞുകൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ശിവശങ്കറിനെ ഇത്തവണയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നാണ് സൂചന. സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച് ശിവശങ്കറിനോട് വിശദീകരണം തേടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Latest News