Sorry, you need to enable JavaScript to visit this website.

കോവിഡ്: കേരളത്തില്‍ മരിച്ച 86 ശതമാനം പേര്‍ക്ക് വേറെയും രോഗങ്ങള്‍

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 86 ശതമാനം പേര്‍ക്കും കാന്‍സര്‍ അടക്കം മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്.

ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൂടുതലും സംഭവിച്ചത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന അത്യാഹിതം ഒഴിവാക്കാന്‍ പരിശോധനയ്ക്കുള്ള പള്‍സ് ഓക്‌സിമീറ്റര്‍ ആശുപത്രികളിലും സ്രവം എടുക്കുന്ന സ്ഥലങ്ങളിലുമടക്കം കൂടുതല്‍ ലഭ്യമാക്കണമെന്ന് ശുപാര്‍ശകളില്‍ പറയുന്നു.  

പരമാവധിപേരില്‍ കഴിയുന്നതും വേഗം പരിശോധന നടത്തുക, ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കുക,  ചികിത്സ എല്ലായിടത്തും ലഭ്യമാക്കുക,  റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തുക, പ്ലാസ്മയുടെ ശേഖരണം തുടങ്ങിയവയാണ് വിദഗ്ധ സമിതിയുടെ മറ്റു ശുപാര്‍ശകള്‍.  

21 പേരുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്.  14പേര്‍ ഇതര സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ എത്തിയവരായിരുന്നു. എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല.  മൂന്നുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ചികില്‍സക്കിടെ മരിച്ചവരില്‍ ശ്വാസതടസ്സം, പനി, തളര്‍ച്ച എന്നിവ ഉണ്ടായിരുന്നു.

മരിച്ചവരില്‍ 77ശതമാനം പേരും 50വയസിന് മുകളിലുള്ളവരാണ്. ഇതില്‍ 86ശതമാനം പേര്‍ക്ക് കാന്‍സര്‍, ഉയര്‍ന്ന രക്തസമര്‍ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ഉണ്ടായിരുന്നു. 63ശതമാനം പേര്‍ക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നപ്പോള്‍ 42ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ മാത്രം നല്‍കിയാണ് ചികില്‍സിച്ചത്. ഗുരുതരാവസ്ഥയിലായ 50ശതമാനം പേര്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികില്‍സ നല്‍കിയിരുന്നു.

 

 

Latest News