കൊച്ചി-പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. ഈ വാദം തെറ്റാണെന്നും പെണ്‍കുട്ടിയുടെ സമ്മതം നിസഹായവസ്ഥയില്‍ നിന്നുണ്ടായതാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. പത്തനംതിട്ട സെഷന്‍സ് കോടതി വിധിച്ച പ്രതിയുടെ എട്ടു വര്‍ഷത്തെ തടവുശിക്ഷ ശരിവെക്കുകയും ചെയ്തു.
തിരുവല്ല സ്വദേശിയും 67കാരനുമായ പി.കെ. തങ്കപ്പന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാമൂഹികവും മാനസികവുമായ ഭീഷണിയാലുള്ള കീഴടങ്ങല്‍ സമ്മതമായി കണക്കാനാവില്ലെന്നും അതു നിസ്സഹായവസ്ഥയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
2009 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി തുടര്‍ന്ന് ഗര്‍ഭിണിയായി. വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നും പിന്നീടു പ്രതി വിളിച്ചപ്പോഴൊക്കെ പ്രതിയുടെ വീട്ടിലേക്ക് വന്ന പെണ്‍കുട്ടി വഴങ്ങിയതിനെ സമ്മതമായി കണക്കാക്കണമെന്നായിരുന്നു അപ്പീലിലെ വാദം.






