Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷിന്റെ ഫ് ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന്റെ ഫ് ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ് ളാറ്റിലാണ് റെയ്ഡ് നടക്കുന്നത്. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്.

യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയും സംസ്ഥാന ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണ സാധനമെന്ന പേരിലാണ്  ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് സൂചന. നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനുമായി സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കസ്റ്റംസിലേക്ക് ഫോണ്‍ വിളി ചെന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാലിത് മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.

 

Latest News