ബുന്ദേല്‍ഖണ്ഡ്- പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ഷകരെ മധ്യപ്രദേശില്‍ പോലീസ് പിടികൂടി ബലംപ്രയോഗിച്ച് തുണിയുരിഞ്ഞ് അടിവസ്ത്രത്തില്‍ നിര്‍ത്തിയത് വിവാദമാകുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബുന്ദേല്‍ഖണ്ഡില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ അധികൃതരെ കാണാന്‍ എത്തിയതായിരുന്നു കര്‍ഷകര്‍. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതിരുന്നതോടെ കര്‍ഷകരുടെ പ്രതിഷേധം ആക്രമാസക്തമായി. തുടര്‍ന്നാണ് പോലീസെത്തി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിടികൂടി ഒരു മുറിയിലടച്ച് തുണിയുരിഞ്ഞത്. കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പിടികൂടിയ കര്‍ഷകരെ അര്‍ധനഗ്നരായി മുറിയിലടച്ച ചിത്രം കോണ്‍ഗ്രസാണ് പുറത്തു വിട്ടത്. വസ്ത്രങ്ങള്‍ കയ്യില്‍പിടിച്ച് അടിവസ്ത്രത്തില്‍ നില്‍ക്കുന്ന കര്‍ഷകരുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. മണിക്കൂറുകളോളം ഇങ്ങനെ നിര്‍ത്തിയ ശേഷം ഇവരെ പോലീസ് വിട്ടയക്കുകയും ചെയ്തു. കര്‍ഷകരുടെ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചതാണെന്ന് ബിജെപി ആരോപിച്ചു.
കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയില്‍ മനുഷ്യാവകാശ ലംഘനം നടന്നെന്നും തെളിവുകള്‍ സഹിതം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പോലീസ് ബലംപ്രയോഗിച്ച് കര്‍ഷകരുടെ തുണിയുരിഞ്ഞിട്ടുണ്ടോ എന്നു അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഭുപേന്ദ്ര സിങ് പറഞ്ഞു.
'ഇത് കോണ്‍ഗ്രസ് പ്രചാരണം മാത്രാണ്. ഇതിനിടെ കല്ലേറുമുണ്ടായിട്ടുണ്ട്. തുണിയുരിഞ്ഞതായും കേള്‍ക്കുന്നു. എന്നാല്‍ അന്വേഷണ റിപ്പാര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഈ ആരോപണം രാഷ്ട്രീയ പ്രേരിതമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. പോലീസ് കര്‍ഷകരുടെ തുണിയുരിഞ്ഞോ അതോ അവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി സ്വയ്ം തുണിയിരുഞ്ഞിതാണോ എന്ന് അറിയാനിരിക്കുന്നെയുള്ളൂ,' മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ നടത്തിയ കല്ലേറില്‍ തങ്ങള്‍ക്കു പരിക്കേറ്റതായി പോലീസ് പറയുന്നു. വരള്‍ച്ചയും വിളനഷ്ടവും മൂലം വലിയ കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കുന്ന മേഖലയാണ് ബു്‌ന്ദേല്‍ഖണ്ഡ്. തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളമെന്ന കര്‍ഷരുടെ ആവശ്യവും ശക്തമാണ്. ജൂണില്‍ ഇവിടെ നടന്ന കര്‍ഷക പ്രതിഷേധനത്തിനിടെ പോലീസ് വെടിയേറ്റ് അഞ്ച് കര്‍ഷകര്‍ മരിച്ചിരുന്നു.