Sorry, you need to enable JavaScript to visit this website.
Sunday , April   11, 2021
Sunday , April   11, 2021

വൈദ്യരാജ നമസ്തുഭ്യം

ഇത്രയേറെ ആളുകൾ ഇത്ര നേരം ഇത്ര ഉൽക്കണ്ഠയോടെ ആരോഗ്യ കാര്യം ചർച്ച ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ല. കൊല്ലത്തിന്റെ തുടക്കത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ രോഗവും ചികിത്സയും മരണവുമായി മറ്റെല്ലാറ്റിനെയും തമസ്‌കരിക്കുന്ന മാധ്യമ സംഭാഷണം.  കോവിഡ് എങ്ങനെ മാറ്റാം എന്നു മാത്രമല്ല മാറ്റേണ്ടതായി വേറെ എന്തെല്ലാമുണ്ടെന്നുമായി വൈദ്യരംഗത്തെ അന്വേഷണം. രോഗികൾ വരാത്തതുകൊണ്ടും പരിശോധനാ സാമഗ്രികളും ഔഷധ ക്രമങ്ങളും വേണ്ട പോലെ ഉപയോഗിക്കാത്തതുകൊണ്ടും ചികിത്സാ സ്ഥാപനങ്ങൾക്കും മരുന്നു കമ്പനികൾക്കും ഉണ്ടാകുന്ന നഷ്ടം ധനരാശിയിലേക്കും ചർച്ച നയിച്ചു. അവയുടെ രക്ഷക്കു വേണ്ടി, കോവിഡിനു മുമ്പുള്ള കാലത്തേക്ക് ചർച്ചയും ചികിത്സയും തിരികെ കൊണ്ടുപോകണ്ടേ എന്നതാണ് അടിയന്തര ചോദ്യം.  
മനുഷ്യ ജീവിതത്തിൽ ഏറ്റവും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നതാണ് മരണം. ജീവിതം നീട്ടിക്കൊണ്ടുപോകാനും മരണം മാറ്റിവെക്കാനുമുള്ള ആലോചനയിൽ മുഴുകിയിരിക്കുന്നു മനുഷ്യരാശി എപ്പോഴും. അതോർത്തുകൊണ്ടായിരിക്കും, പണ്ടൊരു രസികൻ പറഞ്ഞു, വൈദ്യരാജ നമസ്തുഭ്യം, യമരാജ സഹോദര, യമസ്തു ഹരതി പ്രാണാൻ, വൈദ്യോ പ്രാണാൻ ധനാനി ച.  കാലന്റെ ഉടപ്പിറന്നവനായ വൈദ്യനു നമസ്‌കാരം, കാലൻ പ്രാണൻ കവരുന്നു, വൈദ്യൻ പ്രാണനും ധനവും. 


പണം ചോർത്തുന്ന വൈദ്യനെപ്പറ്റിയുള്ള വിചാരം കോവിഡ് വന്നതിനു ശേഷം ഏറിയതേയുള്ളൂ.  എല്ലാ ലക്ഷണങ്ങളും രോഗമാണെന്നും എല്ലാ രോഗങ്ങളും മാറ്റിത്തരാൻ കഴിവുള്ള ദൈവസദൃശമായ പ്രതിഭയെന്നും ഒരു കാലത്ത് പലരും ധരിച്ചുവശായിരുന്നു. ആ വിചാരത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് രോഗ ഭയം. സാധാരണമല്ലെന്നു തോന്നുന്ന എല്ലാ ലക്ഷണങ്ങളും മാറ്റിയെടുക്കാനുള്ള വെമ്പൽ. അതെല്ലാം അങ്ങനെ മാറ്റിക്കൊടുക്കാമെന്ന വൈദ്യന്റെ വമ്പ്.  ഇവാൻ ഇല്ലിച് എന്ന അധ്യാത്മ ചിന്തകൻ പറഞ്ഞു, സമൂഹം മുഴുവൻ വൈദ്യശാലയിൽ കേറിക്കൂടിയിരിക്കുന്നു. ഇംഗ്ലീഷിൽ അദ്ദേഹത്തിന്റെ പ്രയോഗം ഇതായിരുന്നു: ഹോസ്പിറ്റലൈസേഷൻ ഓഫ് സൊസൈറ്റി.  
രോഗവും മരുന്നും വൈദ്യനും മനുഷ്യനെ മാനസികമായി എങ്ങനെ ബാധിക്കുന്നു എന്നായിരുന്നു ഇവാൻ ഇല്ലിച്ചിന്റെ ചിന്ത എങ്കിൽ, കോവിഡ് കാലത്ത് ധനരാശിയിൽ ആയി ഊന്നൽ.  കൂടുതൽ രോഗികൾ വരികയും രോഗങ്ങൾ കൂടുതൽ നീളുകയും ചികിത്സാക്രമങ്ങൾ  കൂടുതൽ  നിർദേശിക്കപ്പെടുകയും ചെയ്താലേ വൈദ്യശാലകൾക്ക് രക്ഷയുള്ളൂ.  ആതുരൻ പുരോഹിതൻ വൈദ്യനോടോതീ തെല്ലും ഭേദമെൻ ദീനത്തിനില്ലെന്തിൻ ചെയ്യേണ്ടൂ ഞാൻ എന്നു വിലപിക്കുന്ന രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നാലേ വൈദ്യന്റെ വാണിജ്യം വിപുലമാകുകയും വരുമാനം വർധിക്കുകയും ചെയ്യൂ. അതൊക്കെ അത്രയൊക്കെ വേണമോ എന്നതാണ് ഇവിടത്തെ അലസമായ ചിന്ത. 


കോവിഡ് തുടങ്ങിയ നേരത്തു തന്നെ ആ വഴിയേ ആലോചിച്ചു പോന്നവരാണ് നമ്മുടെ മാധ്യമ ധുരന്ധരന്മാർ.  വെണ്ടക്ക നിരത്തി നമ്മളെ വിരട്ടിയില്ലെങ്കിലും ചെറിയ അക്ഷരങ്ങളിൽ കോവിഡ് അല്ലാത്ത രോഗങ്ങൾ ചികിത്സിക്കാൻ ആളുകൾ കുറയുന്ന വിപത്തിനെപ്പറ്റി അവർ മുന്നറിയിപ്പു നൽകിയിരുന്നു.  കോടിക്കണക്കിനു രൂപ മുതൽ മുടക്കി സ്ഥാപിച്ച പരിശോധനാ യന്ത്രങ്ങൾ അനങ്ങാതെ കിടന്നാൽ ബാങ്കിൽ അടയ്‌ക്കേണ്ട തുക മുടങ്ങും.  കോവിഡ് അല്ലാതെ ഒന്നും ചികിത്സിക്കേണ്ടെന്നു വന്നാൽ രോഗികളെ കാത്തിരിക്കുന്ന വിദഗ്ധ വൈദ്യന്മാർ വെള്ളത്തിലാവും.  ഒരു ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ആ ചോദ്യം ഉയരുകയുണ്ടായി.  അദ്ദേഹം അർഥശൂന്യമായി ചിരിച്ചതേയുള്ളൂ.
കോവിഡ് അല്ലാത്ത രോഗങ്ങളുമായി, മുറിഞ്ഞ കാലോ, ഒടിഞ്ഞ കൈയോ, താളം തെറ്റുന്ന ഹൃദയമോ, ഞരമ്പ് പൊട്ടുന്ന തലച്ചോറോ ശരിപ്പെടുത്തിയെടുക്കാനായി കൂടുതൽ കൂടുതൽ ആളുകൾ ആശുപത്രികളിൽ എത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ എന്തു ചെയ്യും? രോഗിയില്ലെങ്കിൽ പിന്നെ എന്തിനു വൈദ്യൻ എന്നാകാം ചോദ്യം.  വൈദ്യന്റെ നിലനിൽപിനു വേണ്ടി രോഗികളെ കൂട്ടിക്കൂട്ടിയെടുക്കാൻ അധികൃതർ ശ്രമിക്കണമെന്ന് ആരും വാദിക്കുകയില്ലല്ലോ. പക്ഷേ വൈദ്യശാലകൾ ഈച്ചയാട്ടി ഇരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരുന്ന സ്ഥിതി സൃഷ്ടിക്കുന്നതും ഒരു തരം പ്രതിസന്ധി തന്നെ. 


രോഗികളുടെ എണ്ണം കുറയുന്നതും ചികിത്സ വേണ്ടാത്ത അവസ്ഥ നീണ്ടുപോകുന്നതും നമ്മുടെ മാത്രം പ്രശ്‌നമല്ല.  കോവിഡ് പരിശോധനയിലും ചികിത്സയിലും മുഴുകിയതോടെ അമേരിക്കയിലെ ആതുരാലയങ്ങൾ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി കണക്കും കവിതയും ഉദ്ധരിച്ച്, സന്ദീപ് ജൗഹർ എന്ന ഇന്ത്യൻ ഹൃദയ വിദഗ്ധൻ കുറിക്കു കൊള്ളുന്ന ഒരു ലേഖനം എഴുതിക്കണ്ടു.  അദ്ദേഹത്തിന്റെ വാദത്തിന്റെ സാരാംശം ഇങ്ങനെ: അമേരിക്കൻ രോഗികളിൽ ഇരുപതു ശതമാനത്തിനും അവർ വിധേയരാകുന്ന ചികിത്സയുടെ ആവശ്യമില്ല.   
സന്ദീപ് ജൗഹർ തന്റെ ലേഖനത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ട് രസകരമായിരിക്കുന്നു. 'ഏറെ പേർ വൈദ്യനെ കാണാൻ പോകാതായിരിക്കുന്നു. എന്നാലും സുഖം തന്നെ.' ആ ആശയം ഒന്നുകൂടി വിശദീകരിച്ചുകൊണ്ടുള്ള ഒരു ചോദ്യം ഇങ്ങനെ:  നിലവിലുള്ള വൈദ്യസംവിധാനം അമേരിക്കക്കാർക്ക് കൊടുത്തു വരുന്ന ചികിത്സ അവർക്ക് യഥാർഥത്തിൽ ആവശ്യമുണ്ടോ? 
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഡോക്ടറെ കാണാൻ ഓടിച്ചാടിപ്പോകേണ്ട. മിക്കപ്പോഴും രോഗം മാറാൻ ഈ ചികിത്സയൊന്നും വേണ്ട.  കോവിഡ് കാലത്തെ കർഫ്യൂ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞതോർമയുണ്ടോ? പുറത്തിറങ്ങരുത്. ഇരിക്കുന്നിടത്ത് ഉറപ്പിച്ചിരിക്കുക. തൊട്ടതിനും പിടിച്ചതിനും വൈദ്യശാലയിൽ ഓടിക്കൂടരുത്.  കൂടിയേ കഴിയൂ എങ്കിൽ പരിചയമുള്ള ഒരു ഡോക്ടറെ ടെലിഫോണിൽ ബന്ധപ്പെടുക. 


ഡോക്ടർക്ക് സുഖിക്കാത്തതാണ് ആ നിർദേശം. ടെലിഫോണിലും ഇ-മെയിലിലും മറ്റും രോഗി പറയുന്നതു കേട്ട് മരുന്ന് നിശ്ചയിച്ചാൽ ആപത്താകാം എന്നൊരു ചട്ടമുണ്ട് വൈദ്യർക്കിടയിൽ. പോരെങ്കിൽ ഫോണിലും മറ്റും പറഞ്ഞുകൊടുക്കുന്ന ഉപദേശത്തിന് ഫീസ് ഈടാക്കാൻ ബുദ്ധിമുട്ടാകും. ലാബ് പരിശോധന ശരിപ്പെടുത്താനും അവസരം കുറയും. ലാബുമായി ബന്ധപ്പെട്ട വൈദ്യന്മാരും വിദഗ്ധന്മാരും മറക്കാതെ പറയുന്ന ഒരു കാര്യമുണ്ട്: മാസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. തകരാറെന്തെങ്കിലുമുണ്ടെങ്കിൽ ഉടനെ കണ്ടുപിടിക്കാമല്ലോ.  പക്ഷേ അങ്ങനെ തകരാറു കാണിക്കുന്ന രോഗികളുടെ എണ്ണം നന്നേ കുറവത്രേ.  തനിയേ മാറാത്ത തകരാറിനേ ചികിത്സിക്കാവൂ എന്ന് ഡോക്ടറാവാൻ പോകുന്ന മകൾക്ക് ശ്രദ്ധേയമായ ഉപദേശം നൽകുന്ന ഒരു കഥാപാത്രമുണ്ട് ആർതർ ഹേലിയുടെ വീര്യമേറിയ ഔഷധം എന്ന നോവലിൽ: ആൻഡ്രു ജോർഡാൻ. ഉപദേശം ലളിതം: തനിയേ മാറാത്ത തകരാറിനേ ചികിത്സിക്കാവൂ. 


സന്ദീപ് ജൗഹറിലേക്കു മടങ്ങിപ്പോകാം. കോവിഡിന്റെ കാലത്തെ വിശേഷം വിശ്ലേഷണം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ലേഖനം ഇങ്ങനെ തുടങ്ങുന്നു: വീട്ടിലിരിക്കണമെന്ന ചട്ടം മയപ്പെടുത്തുകയും പട്ടണങ്ങൾ പഴയ വഴികളിലേക്കു മടങ്ങുകയും ചെയ്യുന്നതോടെ, വൈദ്യശുശ്രൂഷയും പഴയ പോലെയാക്കണമെന്ന് ഡോക്ടർമാരും മുറവിളി തുടങ്ങിയിരിക്കുന്നു.  സാധാരണ ചികിത്സ നിർത്തിയിട്ട് മാസങ്ങളായിരിക്കുന്നു. ചെലവേറിയ പരിശോധനകളും പ്രൊസീജറുകളും കോവിഡ് പരിചരണത്തിനു വേണ്ടി വഴി മാറ്റിയിരിക്കുന്നു. ക്ലിനിക്കിനു പകരം ഓൺലൈൻ പരിശോധന നിലവിൽ വന്നിരിക്കുന്നു.  നമ്മുടെ സഞ്ജീവനിയും ഈ അവസരത്തിൽ ഓർക്കുക.  വരുമാനം കുറയുന്ന പല വൈദ്യവേദികളും പൂട്ടിത്തുടങ്ങിയിരിക്കുന്നു. ജോലിക്കാരെ വീട്ടിൽ ജോലിയില്ലാതെ കഴിയാൻ നിർബന്ധിക്കുന്നു. 
ജൗഹർ തുടർന്നു പറയുന്നു, സ്ഥിരമായ ചില ആരോഗ്യ പ്രശ്‌നങ്ങളുള്ള മിക്ക ആളുകളും ഏറെക്കുറെ സുഖമായി കഴിയുന്നു.  ശുശ്രൂഷ വൈകുകയോ മുടങ്ങുകയോ ചെയ്തതുകൊണ്ട് പത്തിലൊന്ന് രോഗികൾക്കു പോലും വലിയ ആപത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് ഒരു സർവേയുടെ നിഗമനം.  എൺപത്താറു ശതമാനം ആളുകളും സംഭവ രഹിതമായി ജീവിതം നയിക്കുന്നുവെന്നും തെളിഞ്ഞു. എപ്പോഴും അടിയന്തര ശ്രദ്ധ വേണ്ട രോഗികളെ തീർച്ചയായും ഇതിലുൾപ്പെടുത്തുന്നില്ല. അങ്ങനെയല്ലാത്ത രോഗികൾ നേരത്തേ അനുഭവിച്ചിരുന്ന ചികിത്സാക്രമം മുടങ്ങിയിട്ടും പ്രതിസന്ധിയില്ലാതെ എങ്ങനെ മുന്നോട്ടു പോകുന്നുവെന്നത് അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. 


ഇതിനൊരു സത്വര വിശദീകരണവും സന്ദീപ് ജൗഹർ അവതരിപ്പിക്കുന്നു: അമേരിക്കയിലെ രോഗികൾക്ക് ഡോക്ടർമാർ ഏറെ കാലമായി നൽകി വരുന്ന അളവിലുള്ള മരുന്നും ചികിത്സയും ആവശ്യമില്ല.  ഇത് ഇന്ത്യയിലെ രോഗികളെയും വൈദ്യന്മാരെയും ചികിത്സാക്രമങ്ങളെയും പറ്റിയും പറയാമോ? എന്തും ചികിത്സിക്കണമെന്ന വിചാരവും എന്തിനും ചികിത്സയുണ്ടെന്ന വിശ്വാസവും മാറ്റിക്കിട്ടിയാലേ രോഗം മാറുകയുള്ളൂവെന്നു ചുരുക്കം. ജൗഹർ അക്കാര്യം ഉള്ളിൽ കൊള്ളും പോലെ പറഞ്ഞുകൊണ്ട് ലേഖനം ഉപസംഹരിക്കുന്നു: 'ഒന്നോർത്താൽ, അതൊക്കെ നമുക്ക് മടിശ്ശീല കനപ്പിക്കാൻ കൊള്ളാം. നമ്മുടെ രോഗികൾക്ക് ഗുണം ചെയ്യണമെന്നില്ല.' 
അനാവശ്യവും നിഷ്ഫലവും പലപ്പോഴും ഉപദ്രവകരവുമായ ഔഷധവും ചികിത്സയും രോഗപരിചരണത്തിന്റെ വലിയൊരു ഭാഗമായി വരുന്നുവെന്ന സന്ദീപ് ജൗഹറുടെ ആശങ്ക ചർച്ച ചെയ്യുന്നതിനിടെ  അതുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന എസക്കിയൽ ഇമാനുവൽ എന്ന അധ്യാപകന്റെ പ്രബന്ധവും ശ്രദ്ധയിൽ പെട്ടു.  പെന്‌സിൽവാനിയ സർവകലാശാലയിൽ മെഡിസിൻ പ്രൊഫസർ ആണ് അമ്പത്തേഴുകാരനായ എസക്കിയൽ. ആരോഗ്യ നയമാണ് അദ്ദേഹത്തിന്റെ പഠന വിഷയം.  മരണവുമായി ബന്ധപ്പെടുത്തിയല്ലേ ആരോഗ്യ നയം ചർച്ച ചെയ്യാനാവൂ.  ഏറെ പഠനത്തിനും മനനത്തിനും ശേഷം പ്രൊഫസർ എഴുതിയ ഒരു പ്രബന്ധം ഇങ്ങനെ തുടങ്ങുന്നു:
എഴുപത്തഞ്ച്.  അത്രയേ എനിക്ക് ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുള്ളൂ.  എഴുപത്തഞ്ച്.  എനിക്ക് കിറുക്കാണെന്നു പറയുന്നു മക്കൾ. എഴുപത്തഞ്ചു പിന്നിട്ടിട്ടും സുഖമായിരിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം എന്ന് വേണ്ടപ്പെട്ട മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടൊന്നും എന്റെ തീരുമാനം മാറുന്നില്ല.


മതിയായതെന്ന് പ്രൊഫസർ എസക്കിയൽ കരുതുന്ന വസ്തുതകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. അതിന്റെ കാര്യവും കാരണവും അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം രചിച്ച പ്രബന്ധത്തിന്റെ തലക്കെട്ട് ഇതിലും കൂടുതൽ ലളിതമാവാൻ വയ്യ: ഞാൻ എന്തുകൊണ്ട് എഴുപത്തഞ്ചിൽ മരിക്കാൻ ആഗ്രഹിക്കുന്നു?
എഴുപത്തഞ്ചിനോടടുക്കുമ്പോൾ നമ്മുടെ സർഗാത്മകത നഷ്ടമാകുന്നു. ദേഹത്തിന്റെയും ദേഹിയുടെയും ശേഷി കുറയുന്നു.  ആ കുറവ് നികത്തി, അമേരിക്കൻ അനശ്വരത്വം നേടിയെടുക്കാനാണ് ആധുനിക രോഗപരിചരണത്തിന്റെ ശ്രമം. ആ ശ്രമത്തിന്റെ ക്ഷുദ്രതയും എഴുപത്തഞ്ചോടടുക്കുമ്പോഴത്തെ ദൈന്യവും വിവരിച്ചുകൊണ്ട് പ്രൊഫസർ എസ്‌ക്കിയൽ പറയുന്നു, എന്റെ കുട്ടികളും അവരുടെ കുട്ടികളും എന്നെ ഓർക്കുന്നത് സർഗശേഷി നഷ്ടപ്പെട്ട, ഒന്നിനും കൊള്ളാത്ത ഉണങ്ങിയ ഒരു മനുഷ്യ രൂപമായിട്ടല്ല, ഓജസ്സും പ്രസാദവുമുള്ള ഏറെക്കുറെ തൻപോരിമയുള്ള അച്ഛനും മുത്തച്ഛനുമായിട്ടത്രേ. എഴുപത്തഞ്ചിൽ അതു നടന്നെന്നു വരില്ല.

Latest News