തിരുവനന്തപുരം- കോവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ മൃതദേഹങ്ങൾ പോലും ആശുപത്രിയിൽനിന്ന് വിട്ടുകിട്ടാൻ ദിവസങ്ങളെടുക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽനിന്ന് ദമ്പതികളുടെ മൃതദേഹം വിട്ടുകിട്ടാൻ ആറു ദിവസം വൈകിയതിനെ പരാമാർശിച്ചാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നിൽ പി. വാസുദേവൻ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കോവിഡ് പരിശോധനാഫലം കിട്ടാൻ വൈകിയതാണ് കാരണം.
കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങൾ വിട്ടുകൊടുക്കൂന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.
ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടർന്നാണ് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തി മൃതദേഹങ്ങൾ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. മൂന്നു മുതൽ ആറു മണിക്കൂറിനുള്ളിൽ പരിശോധാനഫലം ലഭിക്കേണ്ടതാണ്.
തിരുവന്തപുരം ജില്ലയിൽ മാത്രം ഇതു മൂന്നാമത്തെ ദുരനുഭവമാണ്. മരണമടഞ്ഞ വഞ്ചിയൂർ സ്വദേശി വി. രമേശൻ (67), മെഡിക്കൽ കോളജ് ജയ്‌നഗർ പനവിള വീട്ടിൽ സൂസി (55) എന്നിവരുടെ കോവിഡ് പരിശോധാനഫലം കിട്ടാനും അഞ്ചു ദിവസമെടുത്തു. അവരുടെയും ബന്ധുക്കൾ ഒരുപാട് അലഞ്ഞു.
കോവിഡ് പരിശോധനകൾ പൊതുവേ കേരളത്തിൽ കുറവാണെന്ന ആക്ഷേപം നിലനില്ക്കുന്നതോടൊപ്പമാണ് പരിശോധാനാഫലം വൈകുന്നതിലെ കാലതാമസം. രണ്ടിനും അടിയന്തരമായ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.






