നൊബേല്‍ സമ്മാനത്തിനര്‍ഹമായ പഠനത്തില്‍ 37 ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കയ്യൊപ്പ്

ന്യൂദല്‍ഹി- ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിനര്‍ഹമായ ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കുറിച്ചുള്ള പഠനത്തില്‍ 37 ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കയ്യൊപ്പ്. ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി  (IUCAA) ഉള്‍പ്പെടെ ഒമ്പത് ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കണ്ടെത്തിയ ഗവേഷണത്തില്‍ ഇവര്‍ക്കും പങ്കുണ്ട്. റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ്, കിപ് തോണ്‍ എന്നിവര്‍ക്കാണ് ഇത്തവണ ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ചത്. ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററിയിലെ (ലിഗോ) ശാസ്ത്രജ്ഞരാണ് മൂവരും. 

 

സമ്മാനര്‍ഹമായ ഗവേഷണ പ്രബന്ധത്തില്‍ IUCAA-യിലെ 12 ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവനയും ഉണ്ട്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെ ശബ്ദങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത് കണ്ടെത്തുന്നതില്‍ ചെറിയ പങ്കാണെങ്കിലും ഇന്ത്യക്കാരുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ഈ മേഖലയില്‍ ഇന്ത്യയിലെ കുലപതിയും ഗവേഷണത്തില്‍ പങ്കാളിയുമായ സഞ്ജീവ് ധുരാന്ദര്‍ പറയുന്നു. ലിഗോ ഇന്ത്യ പദ്ധതിക്ക് ഈ സമ്മാനലബ്ദി വലിയ ഊര്‍ജ്ജം നല്‍കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

 

ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കണ്ടെത്തുന്ന ഉപകരണത്തിലെ സങ്കീര്‍ണതകളില്‍ നിന്ന് വളരെ ദുര്‍ബലമായ ഈ തരംഗങ്ങളെ വേര്‍ത്തിരിച്ചെടുക്കുകയും വിശകലനം ചെയ്യുകയുമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ചെയ്തതെന്ന് ധുരാന്ദര്‍ പറഞ്ഞു. IUCAA-ലെ ദുരാന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ അടിസ്ഥാന ജോലികള്‍ പൂര്‍ത്തിയാക്കിയത്.  30 വര്‍ഷം മുമ്പ് ഒരിക്കലും സാധ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന കണ്ടുപിടിത്തമാണിത്. ഇന്ത്യുടെ പങ്ക് വളരെ ചെറുതാണെങ്കിലും വലിയ പ്രചോദനം നല്‍കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Latest News