Sorry, you need to enable JavaScript to visit this website.
Tuesday , August   11, 2020
Tuesday , August   11, 2020

ഇന്ത്യയിലെ മോട്ടോർ സൈക്കിൾ വിൽപനയിൽ ഹീറോ മോട്ടോ കോർപ് ആധിപത്യം

ഇന്ത്യയിലെ മോട്ടോർ സൈക്കിൾ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 17.27 കുറവ് രേഖപ്പെടുത്തിയെങ്കിലും ഹീറോ മോട്ടോ കോർപ് ആധിപത്യം നിലനിർത്തി. രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള ബൈക്കുകളിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മൂന്നും ഹീറോ മോട്ടോ കോർപിന് ലഭിച്ചു. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ കണക്കു പ്രകാരം 20,63,148 യൂണിറ്റ് വിൽപനയോടെ ഹീറോ സ്‌പ്ലെൻഡർ പ്ലസ് ആണ് 2019-20 ലെ മോട്ടോർ സൈക്കിൾ വിൽപനയിൽ ഒന്നാമത്. തൊട്ടു പിന്നിലായി 12,174 യൂനിറ്റ് കുറവുമായി 20,50,974 യൂനിറ്റ് വിൽപനയോടെ ഹീറോ എച്ച്.എഫ് ഡീലക്‌സ് രണ്ടാം സ്ഥാനത്തെത്തി. ഹീറോയുടെ മുൻ പങ്കാളിയും ജാപനീസ് ഇരുചക്രവാഹന നിർമാതാക്കളുമായ ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) യുടെ സി.ബി ഷെനിനാണു മൂന്നാം സ്ഥാനം, 9,48,384 യൂനിറ്റായിരുന്നു വിൽപന. പട്ടികയിലെ അടുത്ത സ്ഥാനം ഹീറോയ്ക്കാണ്, 6,02,623 യൂനിറ്റ് വിൽപനയുമായി ഗ്ലാമറാണ് നാലാമതെത്തിയത്. 5,78,237 യൂനിറ്റ് വിൽപന കൈവരിച്ച് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്ലാറ്റിന അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 31.36 ശതമാനം ഇടിവു നേരിട്ടത് അതിജീവിച്ചാണ് ഹീറോയുടെ കമ്യൂട്ടർ ബൈക്കായ സ്‌പ്ലെൻഡർ പ്ലസ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന മോട്ടോർ സൈക്കിളെന്ന ബഹുമതി നേടിയത്. 60,350 രൂപ മുതൽ 63,810 രൂപ വരെ ഷോറൂം വിലയുള്ള സ്‌പ്ലെൻഡർ പ്ലസ് മൂന്നു വകഭേദങ്ങളിലാണു വിപണിയിലുള്ളത്. രാജ്യത്തു കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 62,43,366 മോട്ടോർ സൈക്കിളുകളാണ് വിറ്റഴിഞ്ഞത്. അതിനു തൊട്ടു മുമ്പത്തെ വർഷം 75,46,483 ബൈക്കുകളുടെ വിൽപനയാണ് നടന്നത്. അതായത്  13,03,117 യൂനിറ്റിന്റെ (അഥവാ 17.27%) കുറവ്.

Latest News