Sorry, you need to enable JavaScript to visit this website.

ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് ചൈന; ലക്ഷ്യം ഇന്ത്യയുടെ അരുണാചലും

ബീജിങ്- ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കത്തിന് പിന്നാലെ ചൈന മറ്റൊരു അതിര്‍ത്തി തര്‍ക്കത്തിലേക്കും കടക്കുന്നു. ഭൂട്ടാന്റെ കിഴക്കന്‍ അതിര്‍ത്തിയിലാണ് ചൈന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സക്തെങ് വന്യജീവി കേന്ദ്രത്തിന്മേലാണ് ചൈന അവകാശവാദമുന്നയിച്ചിരിക്കുന്നത്. 58ാമത് രാജ്യാന്തര പരിസ്ഥിതി സംഘടന കൗണ്‍സില്‍ യോഗത്തിലാണ് ഈ വന്യജീവി കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം തര്‍ക്കഭൂമിയാണെന്ന് ചൈന അറിയിച്ചത്. പുതിയ അവകാശവാദത്തിലൂടെ സക്തങ് വന്യജീവി കേന്ദ്രത്തിന്റെ പദ്ധതിക്ക് നല്‍കുന്ന സാമ്പത്തിക സഹായം തടയാനുള്ള ശ്രമംകൂടിയാണ് ചൈന നടത്തിയത്.

എന്നാല്‍ ഭൂട്ടാന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ചൈനീസ് എംബസിയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സക്തങ് വന്യജീവി കേന്ദ്രം തങ്ങളുടെ പരമാധികാര പ്രദേശമാണെന്ന് ഭൂട്ടാന്‍ അറിയിച്ചു. എന്നാല്‍ ഇത് വെറും ഭൂട്ടാന് നേരെയുള്ള അവകാശവാദമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും വിലയിരുത്തലുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ചേരുന്ന ഭൂട്ടാന്റെ കിഴക്കന്‍ പ്രദേശമാണ് സക്തങ് . 

ഇത് അരുണാചല്‍ പ്രദേശിന്റെ വെസ്റ്റ് കാമെങ്ക് ജില്ലയോട് ചേര്‍ന്നിരിക്കുന്ന പ്രദേശം കൂടിയാണ്. അരുണാചലിന്റെ ഈ ഭാഗത്തിന് നേരെയുള്ള പുതിയ വെല്ലുവിളിയാണ് ചൈന നടത്തുന്നതെന്നാണ് വിവരം.ഭൂട്ടാനുമായി 1984 മുതല്‍ ചില അതിര്‍ത്തികളെ സംബന്ധിച്ച് ചൈന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഈ സക്തങ് മേഖലയെ കുറിച്ച് ഒരു തര്‍ക്കവും ഉന്നയിച്ചിരുന്നില്ല. ഇപ്പോഴുള്ള നീക്കം ഇന്ത്യയെ കൂടി ലക്ഷ്യം വെച്ചാണെന്നാണ് വിവരം.
 

Latest News