ഔറംഗാബാദ്- തൊഴിലാളികളില്‍ 250 ലേറെ പേര്‍ക്ക് കോവിഡ് സ്ഥികരീകരിച്ച ബജാജ് ഓട്ടോ ഫാക്ടറി തല്‍ക്കാലം പൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളി യൂനിയനുകള്‍ രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ബൈക്ക് കയറ്റുമതിക്കാരായ ബജാജിന്റെ മഹാരാഷ്ട്രയിലെ ഫാക്ടറിയിലാണ് തൊഴിലാളികള്‍ക്ക് കോവിഡ് ബാധ വര്‍ധിച്ചത്.
കോവിഡ് കാരണം ആളുകള്‍ ജോലിക്ക് വരാന്‍ ഭയപ്പെടുകയാണെന്നും ചിലര്‍ ഇപ്പോഴും വരുന്നുണ്ടെങ്കിലും ധാരാളം പേര്‍ വധിയെടുക്കുകയാണെന്നും ബജാജ് ഓട്ടോ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് തെങ്കഡെ ബാജിറാവു പറഞ്ഞു. ഫാക്ടറിയിലെ ഏകദേശം 8,000 ജോലിക്കാരില്‍ 140 പേര്‍ക്ക് വൈറസ് പിടിപ്പെട്ടതായും രണ്ട് പേര്‍ മരിച്ചതായും കമ്പനി ജൂണ്‍ 26 ന് അറിയിച്ചിരുന്നു.
വൈറസിനൊപ്പം ജീവിക്കുകയാണ് വേണ്ടതെന്നും ജോലി നിര്‍ത്തിവെക്കില്ലെന്നും ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും ഈയാഴ്ച ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂനിയനുകള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം 250 ല്‍ അധികമായിട്ടുണ്ടെന്ന് പ്ലാന്റ് സ്ഥിതിചെയ്യുന്ന വാലുജ് പ്രദേശത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഔറംഗാബാദ് ജില്ലയിലെ ഒരു ഉദ്യോഗഗസ്ഥന്‍ പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിനായി മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.






