കോവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷക സംഘം; മതിയായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍- കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് ഇവർ ആവശ്യപ്പെട്ടിരിക്കയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു.അതേസമയം വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകൾ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ലോകാരോഗ്യ സംഘടനയെ അറിയിച്ചിരിക്കുന്നത്.

അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ട്. പ്രാഥമികമായി വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന തുള്ളികളിലൂടെ രോഗം മറ്റുള്ളവർക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നത്.

വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പലതവണ വ്യക്തമാക്കിയതാണ്.  എന്നാൽ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവൻ ഡോ. ബെനെഡെറ്റ അലെഗ്രാൻസി പറഞ്ഞു.

Latest News