യുവാവിന്റെ രഹസ്യഭാഗത്ത് അണുനാശിനി തളിച്ച് തൊഴിലുടമയുടെ ക്രൂരത

പൂനെ-കോവിഡ് ലോക്ഡൗണ്‍ കാലത്ത് കമ്പനി ചെലവില്‍ ദല്‍ഹിയില്‍ ഹോട്ടലില്‍ താമസിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ കോത്‌റൂഡിലാണ് സംഭവം. തൊഴിലുടമയും മറ്റു രണ്ടുപേരും ചേര്‍ന്നാണ്  30 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കെട്ടിയിട്ട ശേഷം തന്റെ രഹസ്യഭാഗത്ത് അണുനാശിനി തളിച്ചുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


സ്ഥാപനത്തിന്റെ ഓഫീസില്‍ ഈ മാസം 13 ന് രാത്രിയാണ് സംഭവമെങ്കിലും കഴിഞ്ഞ ദിവസമാണ് പൗഡ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ കലാകാരന്മാരുടെ പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തിന്റെ മാനേജരാണ്  പരാതിക്കാരന്‍.


ഔദ്യോഗിക ജോലികള്‍ക്കായി ദല്‍ഹിയില്‍ എത്തിയപ്പോള്‍  നിര്‍ബന്ധിത ലോക്ഡൗണ്‍ കാരണം അവിടെ കുടുങ്ങി.  ഓഫീസ് നല്‍കിയ പണമാണ് ഹോട്ടലില്‍ താമസിക്കാന്‍ ചെലവഴിച്ചത്.  


മെയ് ഏഴിന് പൂനെയില്‍ തിരിച്ചെത്തിയ ശേഷം  17 ദിവസം  ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയാനും തൊഴിലുടമ ആവശ്യപ്പെട്ടു. പണം കൈവശമില്ലാത്തതിനാല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പണയംവെച്ചാണ് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.   
ജൂണ്‍ 13 ന് കമ്പനിയുടെ ഉടമയും സഹായികളും കാറില്‍ പിടിച്ചു കൊണ്ടുപോയാണ്  
ഓഫീസിലടച്ച് പീഡിപ്പിച്ചത്. ക്രൂര മര്‍ദനത്തിനുശേഷം വിട്ടയച്ച യുവാവ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമാണ് പരാതി നല്‍കിയത്. കേസില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

Latest News