നാഗ്പൂര്‍- മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ ഏതാനും ആഴ്ചകള്‍ക്കിടെ കീടനാശിനി ശ്വസിച്ച് കര്‍ഷകരും കര്‍ഷക തൊഴിലാളികളുമുള്‍പ്പെടെ 18 പേര്‍ മരിച്ചു. പരുത്തി കൃഷിയിടങ്ങളില്‍ പ്രൊഫെഫൊനോസ് എന്ന മാരക കീടനാശിനി തെളിക്കുന്നതിനിടെ ശ്വസിച്ചാണ് ഇവര്‍ മരിച്ചത്. ഇതുകൂടാതെ 467 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലും കഴിയുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസധനമായി രണ്ടു ലക്ഷം രൂപം വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കീടനാശികളുടെ സുരക്ഷിത ഉപയോഗത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും സൗജന്യ മാസ്‌കുള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ പരുത്തി കൃഷി നടക്കുന്ന ഈ ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ഞൂറോളം പേര്‍ ആശുപത്രിയിലായതില്‍ അസ്വാഭാവികതയുണ്ട്. സാധാരണ ഇത്തരം സംഭവങ്ങളില്‍ ഇത്രയധികം മരണങ്ങള്‍ സംഭവിക്കാറില്ല. ഇത്രയധികം പേര്‍ ചികിത്സ തേടി എത്താറുമില്ല. ഇത്തരം സംഭവങ്ങള്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ യവത്മല്‍ ജില്ലയില്‍ മരണ സംഖ്യയും ആശുപത്രിയിലാകുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് സംബന്ധിച്ച യാതൊരു സൂചനയും അധികൃതര്‍ക്കു ലഭിച്ചില്ല.
അതിനിടെ, തങ്ങള്‍ക്കു ലഭിച്ച നഷ്ടപരിഹാര തുക തുച്ഛമാണെന്ന ആരോപിച്ച് കര്‍ഷക സംഘടനകളും മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്തി. മുംബൈ റെയില്‍വെ സ്റ്റേഷനില്‍ തിക്കിലുതിരക്കിലുംപെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടരിഹാരമായി 10 ലക്ഷം രൂപ നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് വെറും രണ്ട് ലക്ഷം രൂപമാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നാണ് ഇവരുടെ ആക്ഷേപം. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷര്‍ ജില്ലാ അധികാരികളെ സമീപിച്ചിട്ടുണ്ട്.
മരണ സംഖ്യ ഉയര്‍ന്നിട്ടും ആശുപത്രികളോ കര്‍ഷക സംഘടനകളോ പൗരാവകാശ സംഘടനകളോ എന്തു കൊണ്ട് വിവരം മറച്ചു വച്ചു എന്നതു സംബന്ധിച്ചാണ് സര്‍ക്കാര്‍ അന്വേഷണം നടക്കുക. കീടനാശിനി ശ്വസിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളും വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ലെന്ന ആരോപണവുമുണ്ട്. പ്രാദേശിക മാധ്യമങ്ങിളില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം ചര്‍ച്ചയായതും സര്‍ക്കാര്‍ ഇടപെട്ടതും.






