Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കായി വെൽഫെയർ പാർട്ടി ജനകീയ ക്വാറന്റൈൻ ഹോമുകൾ ഒരുക്കും

  • കേരളത്തിൽ പ്രവാസി വിരുദ്ധ വികാരം വളരുന്നത് സർക്കാർ ആശീർവാദത്തോടെ 

തിരുവനന്തപുരം - സർക്കാരിന്റെ തന്നെ ആശീർവാദത്തോടെയും മന്ത്രിമാരുടെ പ്രസ്താവനകളിലൂടെയുമാണ് കേരളത്തിൽ പ്രവാസി വിരുദ്ധ വികാരം ഉണ്ടാകുന്നതെന്ന് വെൽഫെയർ പാർട്ടി. ഇതിന്റെ തുടർച്ചയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികൾക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി. 
വിദേശത്തു നിന്ന് മടങ്ങിവരുന്ന പ്രവാസികളിൽ സ്വന്തമായി ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് വെൽഫെയർ പാർട്ടി ജനകീയ ക്വാറന്റൈൻ ഹോമുകൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പഞ്ചായത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ക്വാറന്റൈൻ ഹോമുകൾ ഒരുക്കുക. 


പ്രവാസികളെ ശത്രുക്കളും രോഗവാഹകരുമായി കാണുന്ന ദുഷ്ടലാക്കിനെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് ജനകീയ ക്വാറന്റൈൻ ഹോമുകൾ. പ്രവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ക്വാറന്റൈൻ ഹോമുകളുടെ സുഗമമായ നടത്തിപ്പിലൂടെ ഉറപ്പുവരുത്താൻ കഴിയും. അടഞ്ഞു കിടക്കുന്ന വീടുകളും പ്രവാസികളുടെ വീടുകളുമൊക്കെ ഇതിനായി കണ്ടെത്തും. പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങളനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുക. പാർട്ടി പ്രവർത്തകർ വളണ്ടിയർ സേവനം ഉറപ്പുവരുത്തും.


പ്രവാസികളെ മടങ്ങിവരുന്നതിന് കഴിയുന്ന രീതിയിലൊക്കെ വഴിമുടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. യാത്രാ വിമാനങ്ങൾക്ക് തടയിടാനുള്ള പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ അവസാനിപ്പിച്ചും ഉള്ളതിന് തന്നെ ചാർജ് ഈടാക്കിയുമാണ് അടുത്ത തടസ്സം സൃഷ്ടിച്ചത്. 
പ്രവാസികളോടുള്ള സർക്കാരിന്റെ നിലപാട് ആത്മാർഥതയില്ലാത്തതാണെന്ന് വ്യക്തമായിരിക്കുന്നു. കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളോടുള്ള വെൽഫെയർ പാർട്ടിയുടെ കരുതലാണ് ജനകീയ ക്വാറന്റൈൻ ഹോമുകളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

 

Latest News