Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഒഴിയുന്ന ദല്‍ഹി വസതി ബി.ജെ.പി നേതാവിന് ലഭിക്കും

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഒഴിയുന്ന ലോധി എസ്‌റ്റേറ്റിലെ സര്‍ക്കാര്‍ വസതി ബി.ജെ.പി മാധ്യമ വിഭാഗം തലവനും എം.പിയുമായ അനില്‍ ബലൂനിക്ക് ലഭിക്കും. ന്യൂദല്‍ഹിയിലെ 35 ലോധി എസ്‌റ്റേറ്റ് വസതിയിലേക്ക് മാറാന്‍ ബലൂനിക്ക് നിര്‍ദ്ദേശം ലഭിച്ചു.
രണ്ടു മാസത്തിനകം ബലൂനിക്ക് പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറാം. അറ്റകുറ്റപ്പണികള്‍ എന്തെങ്കിലും നടത്തേണ്ടതുണ്ടെങ്കില്‍ വീടുമാറ്റം വൈകും.

ലഖ്‌നൗവിലെ ഷീലാ കൗള്‍ ഹൗസിലേക്ക് വൈകാതെ താമസം മാറാനാണ് പ്രിയങ്കയുടെ നീക്കം. 2022 ല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഖ്‌നൗവിലേക്ക് താമസം മാറ്റാന്‍ പ്രിയങ്ക നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നും തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഷീലാ കൗള്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

പ്രിയങ്കയുടെ ദല്‍ഹിയിലെ സര്‍ക്കാര്‍ വസതി കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. നിലവില്‍ പ്രിയങ്കക്ക് എസ്.പി.ജി സംരക്ഷണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന വസതിയില്‍ തുടരാനുള്ള അര്‍ഹത അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ട മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Latest News