Sorry, you need to enable JavaScript to visit this website.
Wednesday , August   12, 2020
Wednesday , August   12, 2020

ഇനിയും കോർട്ടിലിറങ്ങാൻ നജുമുദ്ദീന് ജീവിതം തിരികെ പിടിക്കണം

കാസർകോട്- വോളിബോൾ കോർട്ടിൽ എതിരാളികളെ അമ്പരിപ്പിക്കുന്ന തകർപ്പൻ സ്മാഷ് ഉതിർക്കാൻ വെള്ളരിക്കുണ്ട് കല്ലംചിറയിലെ നജുമുദ്ദീന് ഇനിയും കോർട്ടിലിറങ്ങണം. കോഴിക്കോട് മിംസ് ആശുപത്രി കിടക്കയിൽ രോഗവുമായി മല്ലിടുമ്പോഴും വോളിബോൾ കോർട്ടിലെ മിന്നും പ്രതിഭയ്ക്ക് മറ്റൊരു ചിന്തയില്ല. ദുബായി ടീമിന്റെ ക്യാപ്റ്റനായി വിശ്രമമില്ലാതെ പൊരുതി എതിരാളികളെ നിഷ്പ്രഭമാക്കി മുന്നേറുന്നതിനിടെ ഇരുവൃക്കകൾക്കും അസുഖം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നജുമുദ്ദീൻ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായി വരികയാണ്. 
തകരാറിലായ വൃക്കകൾ മാറ്റിവെച്ചാൽ നജുമുവിന് ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടിലും വിദേശങ്ങളിലും ആയിരക്കണക്കിന് വോളിബോൾ ആരാധകരെ സമ്പാദിച്ചിട്ടുള്ള 35 കാരനായ ഈ വോളിബോൾ പ്രതിഭകല്ലഞ്ചിറയിലെ പരേതനായ തലയില്ലത്ത് അസൈനാർ-മറിയുമ്മ ദമ്പതികളുടെ മകനാണ്. കാസർകോട് ജില്ലയിൽനിന്ന് കുതിച്ചുചാടി ഏറെ ഉയരങ്ങൾ കീഴടക്കിയ യുവതാരമാണ് നജുമുദ്ദീൻ. ഇന്റർനാഷനൽ താരങ്ങളോടൊപ്പം ജേഴ്‌സിയണിഞ്ഞിട്ടുള്ള നജുമു,ബ്രസീൽ, ഇറ്റലി, സെർബിയ, യു.എ.ഇ, ഇറാൻ, ഒമാൻ, തുടങ്ങിയ രാജ്യങ്ങളിലെതാരങ്ങളുടെ കൂടെ കൂടുതൽ തവണ വോളിബോൾ കോർട്ടിൽ തിളങ്ങിയിട്ടുണ്ട്. കാസർകോട്ടെ വോളിബോൾ കോർട്ടിൽ ചിരപരിചിതനായിരുന്നു. 
വോളികോർട്ടിലെ ആത്മാർഥതയ്ക്കും, പോരാട്ടവീര്യത്തിനും ഒരു പര്യായം ആയിരുന്ന നജ്മുദ്ദീൻ 19-ാമത്തെ വയസ്സിലാണ് ദുബായ് ടീമിന് വേണ്ടി കളിയ്ക്കാൻ നാട്ടിൽ നിന്ന്വിമാനം കയറിയത്. എതിരാളികൾ ആരായാലും തന്റെ മാത്രം മിടുക്ക് കൊണ്ട് കളിജയിക്കാൻ കഴിയുമെന്ന് തെളിയിച്ച അപൂർവ പ്രതിഭ പിന്നീട് ദുബായ് ടീമിന്റെ ക്യാപ്റ്റനായി ഉയരുകയായിരുന്നു. ബ്ലോക്കർമാരെ വെറും കാഴ്ചക്കാരാക്കി വലം കൈയ്യൻ സ്മാഷും, തീയുണ്ട പോലുള്ള ജംബ് സർവുകളും, ശക്തമായ ബാക്ക് ലൈൻ അറ്റാക്കും ഈ താരത്തിന്റ പ്രത്യേകതകൾ ആയിരുന്നു. 
1997 ൽ ലിബേർട്ടി മങ്കയത്തിനു വേണ്ടിയാണ് ബിർമിനടുക്കയിൽ നടന്ന ഏകദിന വോളിയിൽ ആദ്യമായി നജുമുദ്ദീൻ കോർട്ടിൽ ഇറങ്ങിയത്. 1998 ൽ പ്രഥമ കേരളഗെയിംസിൽരണ്ടാം സ്ഥാനം നേടിയ കാസർകോട് ടീമിലും അംഗമായി.നിരവധി തവണ ജൂനിയർ, യൂത്ത്, സീനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ജില്ലയെപ്രതിനിധീകരിച്ചു. 2000 ൽ സംസ്ഥാനജൂനിയർ ചാമ്പ്യൻഷിപ്പിൽ കാസർകോടിന്റെ വിജയത്തിൽമുഖ്യപങ്കു വഹിച്ചത് വഴി കേരള സ്റ്റേറ്റ് ടീമിലേക്കു ഒന്നാമനായെത്തി. വാറങ്കലിൽ വെച്ചു നടന്ന ഇന്റർ വാഴ്‌സിറ്റി വോളി ചാമ്പ്യൻഷിപ്പിൽ അണ്ണാമലൈ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു, 2004 ൽ ഇടുക്കിയിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വന്തം ജില്ലയെജേതാക്കളാക്കുന്നതിൽ മികവ് തെളിയിച്ചു. നാട്ടിൽ മിന്നുന്ന താരമായിമുഖമുദ്ര പതിപ്പിച്ചതിന് ശേഷമാണ്ഗൾഫിലെ പ്രമുഖ ഓയിൽ കമ്പനിയായ അഡ്കോയിൽ ജോലി നേടുകയുംയു.എ.യിലെ പ്രസിദ്ധമായമത്സരങ്ങളിൽ ഇന്റോർ കോർട്ടുകളിൽ നിറഞ്ഞുനിന്നു.
പിന്നീട് പ്രഫഷനൽ വോളി ക്ലബായ അൽജസീറ ടീമിലെത്തി. 2018 ൽ അബുദാബിയിൽ വെച്ച് നടന്ന 22-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിൽ റണ്ണർ അപ്പായ ടീമിൽ തിളങ്ങിയത് മലയാളികളുടെ ഈ പ്രീയപ്പെട്ട താരമായിരുന്നു. രോഗം ഭേദമായാൽ നാട്ടിൽ വോളിബോൾ അക്കാദമി തുടങ്ങി വോളി താരങ്ങളെ വളർത്തിയെടുക്കണമെന്നവലിയ ആഗ്രഹത്തിലാണ്നജ്മുദ്ദീൻ.