ന്യൂദല്‍ഹി- കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്മാരകങ്ങള്‍ തുറക്കുന്നു. താജ് മഹലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന മറ്റ് സ്മാരകങ്ങളും വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറക്കണമെന്ന് ടൂറിസം വ്യവസായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.
താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും നാളെ തുറക്കും.സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.






