കൊച്ചി- എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശുചിമുറികള്‍ക്കു ശാപമോക്ഷം. കൊച്ചിന്‍ ഈസ്റ്റ് ലയണ്‍സ് ക്ലബ് സുവര്‍ണ ജൂബിലി സ്മാരകമായി ശുചിമുറി കോംപ്ലക്‌സ് പുനര്‍നിര്‍മിച്ചു. മാളുകളിലും വിമാനത്താവളങ്ങളിലും ഉള്ളതുപോലെ രാജ്യാന്തര നിലവാരത്തിലാണ് നവീകരണം.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്റ്റാന്‍ഡിലെ ശുചിമുറിക്ക് തികച്ചും ആധുനികമായ മുഖം ഇതോടെ കൈവന്നു. നടപ്പാതയും പൂന്തോട്ടവും ശാരീരിക പരിമിതിയുളളര്‍ക്കു വീല്‍ ചെയറില്‍ പ്രവേശിക്കാനുളള സൗകര്യവും ഉള്‍പ്പെടെ മികച്ച രീതിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തകര്‍ന്നടിഞ്ഞ് ശോചനീയാവസ്ഥയില്‍ ആയിരുന്ന ഇവിടത്തെ ശുചിമുറികള്‍ ഗതികേടു കൊണ്ടു മാത്രമാണ് യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ ഇടക്കാലത്ത് ശുചിമുറി അടച്ചിട്ടിരുന്നു.
നഗരസഭ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ശുചിമുറി നവീകരിക്കാന്‍ ലയണ്‍സ് ക്ലബ് മുന്നോട്ടു വന്നത്. 20 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂര്‍ത്തിയാക്കിയതെന്നു ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസ് പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ശുചിമുറി വരുന്നത് മറ്റു ബസ് സ്റ്റാന്‍ഡുകളിലും ഇത്തരം ശുചിമുറികള്‍ നിര്‍മിക്കാന്‍ മറ്റു സന്നദ്ധ സേവന സംഘടനകള്‍ ഇത് പ്രചോദനമാകുമെന്നു ലയണ്‍സ് മുന്‍ ഗവര്‍ണര്‍ പ്രൊഫ. മോനമ്മ കോക്കാട് പറഞ്ഞു.