ടാക്‌സി കൗണ്ടര്‍ ജീവനക്കാരിക്ക് കോവിഡ്; നെടുമ്പാശ്ശേരിയില്‍ ജാഗ്രത

കൊച്ചി- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചു.

ബ്രോഡ്‌വേയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കണ്ടെത്തി ഹോട്‌സ്‌പോട്ട് ആക്കിയതിനു പിന്നാലെ കൊച്ചി നഗരത്തിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ അടിച്ചിടേണ്ട സാഹചര്യം ഒരുങ്ങുന്നു. കടവന്ത്ര ഗിരിനഗറില്‍ ഫഌറ്റില്‍ താമസിക്കുന്ന സ്ത്രീക്കു രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ നിന്നു 15 പേരെയാണ്  ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചെല്ലാനത്തുനിന്നുള്ള സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് 76 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി കൗണ്ടറില്‍ ജോലി ചെയ്തിരുന്ന പൊയ്ക്കാട്ടുശേരി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിലും കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

വിമാനത്താവള ജീവനക്കാരിയുടെ കുടുംബത്തെ നിരീക്ഷണത്തിലാക്കിയെന്നും പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കേസുകളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഐ.ജി വിജയ് സാക്കറെ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

 

Latest News