Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരന്റെ സ്വര്‍ണ മാസ്‌ക് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി

ന്യൂദല്‍ഹി- സ്വര്‍ണം കൊണ്ട് നിര്‍മിച്ച കോവിഡ് മാസ്‌ക് ധരിച്ച ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വാര്‍ത്തയും ചിത്രവും പ്രാധാന്യത്തെ പ്രസിദ്ധീകരിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് സാധാരണമായതോടെ ഫാഷന്‍ പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് 2.89 ലക്ഷം രൂപ ചെലവിട്ട് സ്വര്‍ണത്തില്‍ പണിത മാസ്‌കുമായി മഹരാഷ്ട്രയില്‍ പൂനെ ജില്ലയിലെ പിംപ്രിചിഞ്ച്‌വാഡി സ്വദേശി ശങ്കര്‍ കുറാഡെ രംഗത്തെത്തിയത്.
സുഷിരങ്ങളുള്ള  നേര്‍ത്ത മാസ്‌കാണിതെന്നും ശ്വസിക്കാന്‍ പ്രയാസമില്ലെന്നും വ്യക്തമാക്കുന്ന അദ്ദേഹം ഈ മാസ്‌ക് കൊറോണ നേരിടുന്നതില്‍  ഫലപ്രദമാകുമോ എന്ന് ഉറപ്പില്ലെന്നും പറയുന്നു.
കൈയും കഴുത്തും ആഭരണങ്ങള്‍ നിറയ്ക്കുന്ന കുറാഡെ തന്റെ സ്വര്‍ണ പ്രിയം കാരണമാണ് മാസ്‌കിലും ഒരു കൈ നടത്തിയിരിക്കുന്നത്. വെള്ളി മാസ്‌ക് ധരിച്ച ഒരാളെ
സമൂഹ മാധ്യമങ്ങളില്‍ കണ്ടയുടന്‍ തനിക്ക് സ്വര്‍ണ ആശയം ഉദിച്ചുവെന്ന് അദ്ദേഹം പറയുന്നു.  
കോലാപ്പൂരില്‍ വെള്ളി മാസ്‌ക് ധരിച്ച ഒരാളുടെ വിഡിയോ  സോഷ്യല്‍ മീഡിയയില്‍ കണ്ടതിനുശേഷമാണ് സ്വര്‍ണപ്പണിക്കാരനോട് മാസ്‌ക് പണിയാന്‍ ആവശ്യപ്പെട്ടതെന്നും ഒരാഴ്ചയ്ക്കുള്ളില്‍  അഞ്ചര പൗണ്ട് സ്വര്‍ണ മാസ്‌ക് പണിതുതന്നുവെന്നും കുറാഡെ വെളിപ്പെടുത്തി.
കുടുംബത്തിലെ എല്ലാവരും സ്വര്‍ണ പ്രിയരാണെന്നും ആവശ്യമാണെങ്കില്‍ അവര്‍ക്കും  സ്വര്‍ണ മാസ്‌ക് പണിയുമെന്നും അദ്ദേഹം പറഞ്ഞു.  സ്വര്‍ണ മാസ്‌ക് ധരിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും പാലിച്ചാല്‍ വൈറസ് പടരുന്നത് തടയാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ സ്വര്‍ണാഭരണങ്ങള്‍ ഇഷ്ടപ്പെടുന്ന ശങ്കര്‍ കുറാഡെ എല്ലാ വിരലുകളിലും സ്വര്‍ണ മോതിരങ്ങളും കൈത്തണ്ടയില്‍ സ്വര്‍ണ വളകളും കഴുത്തില്‍ വലിയ സ്വര്‍ണ മാലയും ധരിച്ചാണ് പുറത്തിറങ്ങാറുള്ളത്.

 

Latest News