അനധികൃത ചേരി ഒഴിപ്പിച്ചു; ബിജെപി കൗണ്‍സിലറെ ചേരിവാസികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

വഡോദര- അനധികൃത ചേരിയില്‍ നിന്നും കുടിയിറക്കിയതിനെ ചൊല്ലി നഗരസഭയിലെ ബിജെപി കൗണ്‍സിലറായ നേതാവിനെ ചേരിനിവാസികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹസ്മുഖ് പട്ടേല്‍ എന്ന പ്രാദേശിക ബിജെപി നേതാവിനെയാണ് വീട് നഷ്ടമായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പൊതിരെ തല്ലിച്ചതച്ചത്. ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയുണ്. സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

 

ചേരിയിലെ തങ്ങളുടെ വീടുകള്‍ നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെ നഗരസഭ അധികൃതര്‍ പൊളിക്കുകയായിരുന്നെന്ന് ആക്രമികള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വഡോദരാ മുനിസിപ്പല്‍ കമ്മീഷണറെ പ്രദേശവാസികള്‍ സമീപിച്ചപ്പോള്‍ പ്രാദേശിക കൗണ്‍സിലര്‍ക്ക് നോട്ടീസ് നേരത്തെ അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ഇവര്‍ കൗണ്‍സിലറായ പട്ടേലിന്റെ അടുത്തെത്തിയത്. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും രോഷാകുലരായ ചേരിനിവാസികള്‍ പട്ടേലിനെ മര്‍ദിക്കുകയായിരുന്നു. 

 

വിടണമെന്നാവശ്യപ്പെട്ടെങ്കിലും ചെവികൊള്ളാതെ ആക്രമികള്‍ പട്ടേലിനെ വലിച്ചിഴച്ച് തൊട്ടടുത്ത ഒരു മരത്തില്‍ കെട്ടിയിടുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ നോട്ടീസിനെ കുറിച്ച് എന്തു കൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ലെന്നു ചോദിച്ചായിരുന്നു മര്‍ദനം. അതേസമയം പൊളിച്ചു മാറ്റിയ ചേരിയിലെ വീടുകള്‍ നിയമവിരുദ്ധമായി കെട്ടിയതായിരുന്നുവെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

Latest News