ഒറ്റ ദിവസം 4489 മരണം; ലോകത്ത് കോവിഡ് മരണസംഖ്യ 5,32,861

വാഷിംഗ്ടണ്‍- വിവിധ രാജ്യങ്ങളിലായി ഒറ്റ ദിവസം 1.89 ലക്ഷം കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടിയായി.
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,32,861 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരില്‍ 64.34 ലക്ഷം പേര്‍ ഇതിനകം രോഗമുക്തി നേടിയെങ്കിലും 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

24 മണിക്കൂറിനിടിയല്‍  1.89 ലക്ഷം പുതിയ കോവിഡ് കേസുകളാണ് ലോകത്ത്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4489 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേര്‍.

29.36 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ച അമേരിക്കയാണ് നിലവില്‍ ഏറ്റവും മുന്നില്‍. 1.32 ലക്ഷം പേരാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് ഇതിനകം മരിച്ചത്.  കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്നിലാണെങ്കില്‍ മരണസംഖ്യ കൂടുതല്‍ ഇന്ത്യയിലാണ്- 19,279.

6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യയില്‍ ഇതുവരെ 10,027 പേരാണ് മരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 10,000 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മെക്‌സിക്കോയില്‍ മരണസംഖ്യ 30,000 കടന്നു.

 

Latest News