ദുബായിയുടെ സ്വപ്‌ന പദ്ധതിയായ ദുബായ് സഫാരി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബറോടെ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അറിയിച്ചു. യു.എ.ഇയുടെ 46 ാം ദേശീയ ദിനമായ ഡിസംബർ രണ്ടിന് മുമ്പ് ദുബായ് സഫാരി തുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ നിലവാരം വിലയിരുത്താനും പ്രവർത്തനം നിരീക്ഷിക്കാനുമായി നവംബർ ആദ്യം മുതൽ ചെറിയ തോതിൽ സഫാരി പാർക്കിന്റെ പ്രവർത്തന ആരംഭിക്കും.
ദുബായ് സഫാരി മേഖലയിലെ ഏറ്റവും വലിയ വന്യജീവി സങ്കേത കേന്ദ്രമാണ്. 100 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന ദുബായ് സഫാരി തടാകങ്ങളും പുൽത്തകിടികളും മരങ്ങളും കൊണ്ട് സമ്പന്നമാണ്. 119 ഹെക്ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സങ്കേതമാണിത്. പൂർണ്ണമായും പരിസ്ഥിതിക്കനുയോജ്യമായ തരത്തിലാണ് ദുബായ് സഫാരിയുടെ നിർമ്മാണം. സന്ദർശകർക്കായി വൈദ്യുത വാഹനങ്ങളും ഇവിടെ സജ്ജമാണ്. കൂടാതെ ഭക്ഷണ ശാലകളുൾപ്പെടെയുള്ള സൗകര്യങ്ങളും സഫാരി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.






