ഇന്ത്യയുടെ സുവർണ ത്രികോണമെന്നറിയപ്പെടുന്ന ദൽഹി-ആഗ്ര-ജയ്പൂർ യാത്രയെ കുറിച്ച്
മക്കളുടെ സ്‌കൂളിലെ ചരിത്ര പഠനത്തിനു ഏറെ സഹായിച്ചേക്കുമെന്നതിനാലും കൂടിയാണ് ഇത്തവണ ദൽഹി, ആഗ്ര, ജയ്പൂർ ട്രിപ്പ് തെരഞ്ഞെടുത്തത്. ദൽഹി എയർപോർട്ടിൽ നിന്നും പിക്ക് ചെയ്ത് സ്ഥലങ്ങളിലെല്ലാം കറക്കി തിരിച്ചു ഡ്രോപ്പ് ചെയ്യാനുള്ള സംവിധാനത്തിലാണ് ടൂർ പാക്കേജ്.
ദൽഹിയിൽ ചെന്നിറങ്ങിയ ഉച്ചയ്ക്കു ശേഷം പാർലമെന്റ് മന്ദിരം, ഇന്ത്യ ഗേറ്റ്, സുപ്രീം കോടതി, തലസ്ഥാന നഗരിയിൽ പ്രധാന വീഥികൾ എല്ലാം ഓടിച്ചു കണ്ടു. ടൂറിസ്റ്റുകളെക്കൊണ്ട് എല്ലായിടവും നിറഞ്ഞിരുന്നു. ദൽഹിക്കു ഇതൊരു പുതുമയല്ലെന്ന് ഡ്രൈവർ ശ്യാമിൽ നിന്നും മനസ്സിലാക്കി. അന്നത്തെ അത്താഴം ദൽഹിയിൽ വർഷങ്ങളായി താമസിക്കുന്ന സോമൻ അങ്കിൾ നാൻസി ആന്റി, ജോമോൻ ചേട്ടൻ ഷീജചേച്ചി കുടുംബങ്ങളുടെ ഒപ്പമാക്കി. പിറ്റേന്ന് ആദ്യം റെഡ് ഫോർട്ടിലേയ്ക്ക്. പഴയ ദൽഹിയിൽ തല ഉയർത്തി നിൽക്കുന്ന, സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുന്ന ഈ മുഗൾ ഭരണ സ്മാരകം, 'ലാൽ കില' ഹിന്ദി ക്ലാസിൽ പഠിച്ചത് മകൻ ഓർത്തെടുത്തു. അവിടുന്ന് ഒരു സൈക്കിൾ റിക്ഷയെടുത്തു പോയാൽ ജുമാ മസ്ജിദും ചാന്ദ്‌നി ചൗക്കും കൺകുളിർക്കെ കാണാം. നാലുപേരെ ഇരുത്തി ചവിട്ടിയും തള്ളിയും റിക്ഷാക്കാർ ഓടിച്ചു പോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. രാജ്ഘട്ട് ആണ് അടുത്ത ലക്ഷ്യം. ചെങ്കോട്ടയ്ക്കു പിന്നിലായി യമുനാ നദിയുടെ തീരത്തു പച്ചപ്പ് പുതച്ചു കിടക്കുന്ന ഇത്രയും സ്ഥലം തിരക്കേറിയ ദൽഹിയിൽ വേറിട്ട് കിടക്കുന്നു. ഗാന്ധി സമാധിയാണ് പ്രധാന ആകർഷണം. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും കുടീരങ്ങൾ പല സ്ഥലങ്ങളിലായി ശാന്തി വനത്തിലുണ്ട്. അക്ഷർധാം ക്ഷേത്രത്തിലേയ്ക്കായിരുന്നു അടുത്ത യാത്ര. സ്വാമി നാരായണയുടെ പേരിലുള്ള ഈ പുണ്യാശ്രമം വളരെ ആധുനികമായി നിർമിച്ചിരിക്കുന്ന ഒരു മന്ദിരമാണ്. സ്വാമി നാരായണയുടെ ജീവിതം മനസ്സിലാക്കാൻ ദൽഹിയിലെ ഏറ്റവും വലിയ സ്‌ക്രീനിൽ നാൽപതു മിനിറ്റോളം ദൈർഘ്യമുള്ള സിനിമ സജ്ജീകരിച്ചിട്ടുണ്ട്. ആശ്രമത്തിലെ വൃത്തിയും ശാന്തതയും വേറിട്ട ഒരു അനുഭവമാണ്.
ഷെഡ്യൂളിലുണ്ടായിരുന്ന ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ ഇവ രണ്ടും കാണാനൊത്തില്ല. മോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു കുത്തബ് മിനാർ കാണാൻ. ഏഴാം ക്ലാസിൽ അവൾക്കു പഠിക്കാനുള്ള ഒരു പാഠവുമാണത്. തിരികെ ദൽഹിയിലെത്തുമ്പോൾ കാണാമെന്ന ശ്യാമിന്റെ ഉറപ്പിൽ ഞങ്ങൾ ആഗ്രയ്ക്കു തിരിച്ചു. ഏറെ കാലമായി കാണാൻ ആഗ്രഹിച്ച താജ്മഹൽ എന്ന സ്വപ്‌നം കണ്മുമ്പിലെത്തി. സാങ്കേതിക വിദ്യകളൊന്നും ഇത്രയേറെ വികസിക്കാത്ത കാലത്ത് മാർബിളിൽ കടഞ്ഞെടുത്ത പ്രണയ സൗധം നിർമ്മാണ കലയുടെ മഹാത്ഭുതമായി ഇന്നും തലയുയർത്തി നിൽക്കുന്നു. ആഗ്രക്ക് ഒരു ദിവസം മാത്രം നീക്കിവെച്ചിരുന്നതിനാൽ അക്ബർ ചക്രവർത്തിയുടെ സിക്കന്ദറിലെ മ്യൂസിയം കാണാനാവാതെ പിങ്ക് സിറ്റിയിലേയ്ക്കായി പിറ്റേ ദിവസത്തെ യാത്ര. ആഗ്രയിൽ നിന്ന് ജയ്പൂരിലേയ്ക്ക് ദൽഹിയിൽ നിന്ന് ആഗ്രയിലേക്കെന്ന പോലെ അഞ്ച് മണിക്കൂറോളം റോഡ് മാർഗം യാത്രയുണ്ട്. പതിനാറാം നൂറ്റാണ്ടിലെ മുഗൾ ഭരണത്തിന്റെ സ്മാരകമായ ഫതേപുർ സിക്രി ഈ വഴിയിലാണ്. ഇവിടുത്തെ ജുമാ മസ്ജിദിന്റെ പ്രവേശന കവാടം ഏറ്റവും ഉയരം കൂടിയതാണ്. ഹിന്ദു-മുഗൾ വാസ്തുവിദ്യയുടെ സമ്മിശ്രതയാർന്ന അക്ബർ ചക്രവർത്തി നിർമ്മിച്ച ഈ തലസ്ഥാന കൊട്ടാരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ടതാണ്.
ഇനി ജയ്പൂരിലേയ്ക്ക് യാത്ര തുടരാം.
1853 ൽ വെയിൽസിലെ രാജകുമാരനും വിക്ടോറിയ രാജ്ഞിയും വരുന്നത് പ്രമാണിച്ചു എല്ലാ കെട്ടിടങ്ങളും ഒരു പ്രത്യേക നിറത്തിൽ ചായമടിച്ചു ആതിഥ്യമരുളിയപ്പോൾ രാജകുമാരൻ ജയ്പൂരിനെ വിളിച്ച പേരാണ് 'പിങ്ക് സിറ്റി' എന്ന്. രാജഭരണ കാലത്തെ എത്രയും വിശേഷപ്പെട്ട ഒരു ശാസ്ത്ര നിർമ്മിതിയാണ് ജന്ദർ മന്ദർ. ഹവാ മഹൽ, പിങ്ക് സിറ്റി കവാടം, സിറ്റി പാലസ്, വളരെ പഴക്കം ചെന്ന മാർക്കറ്റുകൾ എന്നിവയാണ് ജയ്പൂർ സിറ്റിയിലെ പ്രധാന കാഴ്ചകൾ. ജയ്പൂരിലെ നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രം ധരിക്കാനുള്ള മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മറന്നില്ല.
ആമ്പർ/അമർ കോട്ടയാണ് ജയ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ഇവിടേയ്ക്ക് പോകുന്ന വഴിക്കു വലതു വശത്തായി വെള്ളത്തിൽ മുങ്ങിനിൽക്കുന്ന രീതിയിൽ 'ജൽ മഹൽ' നയനാനന്ദകരമായ ദൃശ്യമാണ്. കോട്ടയുടെ താഴെ ഭാഗത്തുനിന്നു നൂറോളം ആനകൾ ടൂറിസ്റ്റുകളുമായി കോട്ടയുടെ മുകളിലേയ്ക്കും തിരിച്ചും നടന്നുപോകുന്നത് കണ്ടു.
ആനപ്പുറത്തു കയറിപ്പോകുന്നത് കൂടുതലും വിദേശീയരാണ്. ആൾക്ക് 1500 രൂപ കൊടുത്തുള്ള ഈ സവാരി ഇന്ത്യക്കാരന് താൽപര്യമില്ലാത്തതിന് കാരണം വാഹനങ്ങൾക്ക് മേൽഭാഗത്തേയ്ക്കു പ്രവേശന സൗകര്യം ഉള്ളതിനാലാവണം.
പ്രത്യേക തരം ചെങ്കല്ലിലും മാർബിളിലും ശിൽപ ചാരുതയോടെ പണി തീർത്ത ഈ കോട്ട ഭാരതീയ വാസ്തു വിദ്യയുടെ മകുടോദാഹരണമാണ്. പോയ കാലത്ത് പണിത കോട്ടകൾ ജയ്പൂരിനെ തീർത്തും വ്യത്യസ്തമാക്കുന്നു.
ഇനി ജയ്പൂരിൽ നിന്നും തിരിച്ച് ദൽഹിക്കുള്ള അഞ്ച് മണിക്കൂർ മടക്ക യാത്ര. മാർബിളിന്റെ വലിയ പാളികൾ ഹൈവേയിലൂടെ ലോറികളിൽ കൊണ്ടുപോകുന്നത് കാണാം. ഇരട്ടപ്പാതയുടെ നടുവിലായുള്ള പച്ചപ്പുകളിൽ അലസമായി മേയുന്ന കന്നുകാലികൾ റോഡ്, വാഹനങ്ങൾക്ക് ഭീഷണിയാണ്.
നേരെ കുത്തബ് മിനാറിലേക്ക് തിരിച്ചു. അവിടെ നിന്ന് മടക്കയാത്ര നാട്ടിലേയ്ക്ക്. മൈസൂരിലെ കാലാവസ്ഥയും, പാലസും, റോഡും, സൗകര്യങ്ങളും ഇടക്കൊക്കെ ഡാലിയയും മക്കളും താരതമ്യം ചെയ്യുന്നുണ്ടായിരുന്നു. ദക്ഷിണേന്ത്യയും അത്ര മോശമല്ലെന്ന നിഗമനത്തിൽ ചർച്ച അവസാനിക്കുകയും ചെയ്തു. ഡ്രൈവർ ശ്യാം സുന്ദറിനോട് അറിയാവുന്ന ഹിന്ദിയിൽ കുശലം പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കു അയാളുടെ ആഗ്രഹപ്രകാരം വാഹനത്തിൽ വെച്ചു രണ്ടുമൂന്നു തവണ സെൽഫിയുമെടുത്തു.






