കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 1.18 കോടിയുടെ 2.600 കിലോ സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം ചുങ്കത്തറ ചെറുശോല സുനീർ ബാബു(28),പാലക്കാട് എടത്തനാട്ടുകര തോണിക്കര സൽമാൻ(27),സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് വെളളായിങ്ങൽ മുഹമ്മദ് മാലിക്ക്(28)എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
സുനീർ ബാബു,സൽമാൻ എന്നിവർ ഫാനിന്റെ മോട്ടോറിനുളളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ഇരുവരിൽ നിന്നും 1.1കിലോ സ്വർണമാണ് കണ്ടെത്തിയത്. ഇരുവരുടെയും സ്വർണം ഒരു കളളക്കടത്ത് ഏജന്റിനാവുമെന്ന് സംശയിക്കുന്നു. മുഹമ്മദ് മാലിക്കിന്റെ ബാഗേജിലുണ്ടായിരുന്ന ഇസ്തരിപ്പെട്ടിക്കുളളിലാണ് 400 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്.
ഇലക്ട്രോണക് സാധനങ്ങളിൽ അധിവിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കോവിഡ് പാശ്ചാത്തലത്തിൽ പരിശോധനകൾ കുറയുമെന്ന ധാരണയിലാണ് കളളക്കടത്തിന് മൂന്ന് പേരും തുനിഞ്ഞതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.ന ിലവിലെ സാഹചര്യത്തിൽ യാത്രക്കാരേയും ബാഗേജും പരിശോധിക്കുന്നത് തന്നെ ഏറെ കരുതലോടെയാണ്. കളളക്കടത്ത് വർധിച്ചത് മൂലം പരിശോധന കർക്കശമാക്കി. കസ്റ്റംസ് അസി.കമ്മീഷണർ എ.കെ.സുരേന്ദ്രനാഥ്,സൂപ്രണ്ടുമാരായ രഞ്ജിനി വില്യംസ്,രാധ,ഐസക് വർഗീസ്,ജ്യോതിർമയി,സുധീർ,സൗരഭ്,അഭിനവ്,അഭിലാഷ് തുടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.






