കൊല്ലത്ത് ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; ലൈംഗികമായി പീഡിപ്പിച്ച ബന്ധുക്കളെ പോലിസ് അറസ്റ്റ് ചെയ്തു

കൊല്ലം- കടയ്ക്കലില്‍ ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതികളെ പിടികൂടിയത്. ജനുവരി 23നാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലായത്. പെണ്‍കുട്ടിയുടെ ഏഴ് ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകളാണ് പോലിസ് പരിശോധനക്ക് അയച്ചത്. ഇവരില്‍ മൂന്ന് പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. പ്രതികളെ ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
 

Latest News