Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

അടുക്കളയിൽ വേണ്ടത് ഭക്ഷണം മാത്രമല്ല, രാഷ്ട്രീയവുമാണ്

കോവിഡ് കാലത്തെ ഒരു പ്രധാന ചർച്ചാവിഷയം അടുക്കളയായിരുന്നല്ലോ. പലപ്പോഴും അടുക്കളയും അടുക്കളവിഭവങ്ങളുമായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ  താരമായത്. ലോക് ഡൗണിനെ തുടർന്ന് തങ്ങളുടെ സർഗ്ഗാത്മകപ്രവർത്തനങ്ങൾ വർദ്ധിക്കുകയാണെന്ന് പല പുരുഷന്മാരും പ്രഖ്യാപിച്ചപ്പോൾ അടുക്കളയിലെ തങ്ങളുടെ വേതനമില്ലാ ജോലി വർദ്ധിക്കുന്നതായി ചൂണ്ടികാട്ടി നിരവധി സ്ത്രീകൾ രംഗത്തുവന്നു. ഒരു വലിയ വിഭാഗം പുരുഷന്മാർക്കും അടുക്കളയിൽ കയറി സ്ത്രീകളെ ''സഹായിക്കാൻ'' മുഖ്യമന്ത്രി ആഹ്വാനം ചെയ്യേണ്ടിവന്നു. തുടർന്ന് ആണുങ്ങൾ അടുക്കള കയ്യടക്കുന്ന വീഡിയോകളുടെ പ്രവാഹമായിരുന്നു. അടുക്കളയോട് ചേർന്ന് പച്ചക്കറി തോട്ടത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി പറയേണ്ടിവന്നു പലർക്കും. ഒരു വശത്ത് ഇതെല്ലാം നടക്കുമ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങൾക്കൊപ്പം കേരളത്തിലും ആയിരകണക്കിനു അടുക്കളകളിൽ തീ പുകയാതായി. തുടർന്ന് സർക്കാർ നടപ്പാക്കിയ സമൂഹ അടുക്കള ചെറിയ ആശ്വാസം നൽകിയെങ്കിലും അതവസാനിക്കുകയും എന്നാൽ കൊവിഡ് ഭീഷണിയും ലോക് ഡൗണും പല രൂപത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പല അടുക്കളകളും തീ പുകയാത്ത അവസ്ഥയിലേക്ക് തിരിച്ചുപോകുകയാണ്. 
തീർച്ചയായും അടുക്കള ഒരു രാഷ്ട്രീയ പ്രതീകമാണ്. ഒരു രാഷ്ട്രത്തിന്റെ സാമൂഹ്യ - സാമ്പത്തിക അവസ്ഥകളും വിവേചനങ്ങളും അവിടെ വ്യക്തമായി കാണാനാകും. മെലിഞ്ഞ അടുക്കളകൾ ദാരിദ്ര്യത്തിന്റെ മാത്രമല്ല, ആ രാഷ്ട്രത്തിന്റെ ജനവിരുദ്ധ ഭരണത്തിന്റേയും പ്രതീകമാണ്. അതുപോലെ അടുക്കളയിൽ സ്ത്രീസാന്നിധ്യം മാത്രം കാണുന്നത് അവിടത്തെ ലിംഗവിവേചനത്തിന്റേയും പ്രതീകമാണ്. നമ്മുടെ ഭാഷകളിൽ പോലും അതു പ്രകടമാണ്. അങ്ങനെയാണ് സ്ത്രീകൾ എത്ര ആഴമുള്ള രാഷ്ട്രീയ ചർച്ചകൾ നടത്തിയാലും അത് അടുക്കളതർക്കമായി മാറുന്നത്. അടുക്കള വീടുകളിൽ മോശപ്പെട്ട ഒരിടമായി, അതിഥികളാരും കാണാത്ത മൂലകളിലായത്. സമീപകാലത്താണ് പല വീടുകളിലും അടുക്കളക്ക് മറ്റു മുറികളോടൊപ്പം സ്ഥാനം ലഭിച്ചത്. ഹോട്ടലുകളിൽ അടുക്കള പുറകിൽ നിന്ന് മുന്നിലെത്തിയത്. 
കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ അടുക്കളക്ക് വലിയ പ്രാധാന്യമാണല്ലോ ഉള്ളത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ ഇറങ്ങിവന്ന തിളക്കമേറിയ ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ അതിനു കാര്യമായ തുടർച്ചയൊന്നും ഉണ്ടായില്ല. സ്ത്രീകളുടെ ഒരു പൈസ പോലും വേതനമില്ലാത്ത തൊഴിലിടമായി അടുക്കള തുടർന്നു. ഇന്നും തുടരുന്നു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമമില്ലാത്ത മറ്റൊരു തൊഴിലായും. ഇടക്ക് അടുക്കളയിലെ ജോലിക്ക് വേതനം നൽകാൻ ''കുടുംബനാഥൻ''ബാധ്യസ്ഥനാണെന്ന നിയമനിർമ്മാണത്തെ കുറിച്ചൊക്കെ കേട്ടിരുന്നെങ്കിലും അതിനും തുടർച്ച കണ്ടില്ല. മാത്രമല്ല അത് കുടുംബത്തിന്റെ ''പവിത്രത' തകർക്കുമെന്ന ആരോപണവും ഉയർന്നു. അതിനിടയിൽ വി.ടി ഭട്ടതിരിപ്പാട് പറഞ്ഞ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പ്രഖ്യാപനത്തെ തിരുത്തുന്ന, സ്ത്രീകൾ അടുക്കള തിരിച്ചുപിടിക്കുക എന്ന സാറാജോസഫിന്റെ പ്രഖ്യാപനം കേരളം കേട്ടു.  കോർപ്പറേറ്റ് ശക്തികളുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആടുക്കളയിൽ നിന്നുതന്നെ ആഗോളീകരണ വിരുദ്ധ പോരാട്ടത്തിനു സ്ത്രീകൾ നേതൃത്വം നൽകുക എന്ന സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയമായിരുന്നു സാറാ ജോസഫ് ഉദ്ദേശിച്ചത്. ഇന്നാകട്ടെ എന്തു ഭക്ഷിക്കണമെന്നുപോലും തീരുമാനിക്കുന്ന തരത്തിൽ ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ അടുക്കളയിലേക്ക് കയ്യേറ്റം നടത്തുന്നു. മലയാളികളുടെ പ്രിയഭക്ഷണം ബീഫ് രാജ്യത്ത് ന്യൂനപക്ഷകൊലകൾക്ക് കാരണമാകുന്നു.
അടുക്കളയെ സമരമുറയാക്കിയ സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപം കേരളത്തിൽ ആദ്യം നടന്നത് 1996 ൽ കാസർകോടായിരുന്നു. അതാകട്ടെ ലൈംഗിക പീഡനത്തിനെതിരേയും. 
1993 ഒക്ടോബർ ആറിന് കണ്ണൂർ കോട്ട കാണാൻ ഭർത്താവിനൊപ്പമെത്തിയ മൈമൂന എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. പോലീസിൽ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, ഒത്തുതീർപ്പിനാണ് പോലീസ് ശ്രമിച്ചത്. ഭർത്താവുപോലും ഒത്തുതീർപ്പിനായി അവരെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ കേസുമായി മുന്നോട്ടുപോകാനായിരുന്നു മൈമൂനയുടെ തീരുമാനം.  മൂന്നുവർഷമായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നായിരുന്നു  സ്ത്രീനീതി സമിതിയുടെ നേതൃത്വത്തിൽ 1996 ആഗസ്റ്റ് 11ന് അടുക്കള സമരം പ്രഖ്യാപിക്കപ്പെട്ടത്. കാലങ്ങളായി അടിമപ്പണിയെപോലെ തങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ട അടുക്കള പണികൾ ബഹിഷ്‌കരിക്കാനായിരുന്നു സമിതിയുടെ തീരുമാനം. അജിതയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കൊല്ലാട് മേഖലയിൽ സമരം വൻവിജയമായി. നിരവധി പുരുഷൻമാർ അടുക്കളയിൽ കയറി സമരവുമായി സഹകരിച്ചു.  സമരത്തെ പിന്തുണച്ച് ആഗസ്റ്റ് 15ന് തൃശൂരിൽ സമ്മേളനം നടന്നു. 
സമരവുമായി ബന്ധപ്പെട്ടുണ്ടായ എറ്റവും അപഹാസ്യമായ സംഭവം സിപിഎം അതിനെതിരെ രംഗത്തുവന്നതാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഭരിക്കുന്ന തങ്ങളുടെ സർക്കാരിനെതിരായ നീക്കമായാണ് അവർ സ്ത്രീകളുടെ ഈ പോരാട്ടത്തെ വ്യാഖ്യാനിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അടുക്കള സമരത്തിനെതിരെ പ്രകടനവും നടത്തി. സ്ത്രീകളുടെ ഏറ്റവും ശക്തമായ ഈ സമരരൂപം കേരളത്തിൽ പിന്നീടും ആവർത്തിക്കപ്പെട്ടു. അവസാനമതാവർത്തിച്ചത് കീഴാറ്റൂരിലെ വയൽക്കിളി സമരത്തിലായിരുന്നു. എന്നാൽ ഈ സമരത്തിന്റെ അപാരമായ ശക്തി ഇപ്പോഴും നമ്മുടെ വനിതാ സംഘടനകൾ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 
പൊന്നാനിയിൽ നടക്കുന്ന ഒരു പരീക്ഷണമാണ് അടുത്ത ദിനങ്ങളിൽ അടുക്കള രാഷ്ട്രീയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. അടുക്കളയെ മാന്യമായ ഒരു തൊഴിലിടമെന്ന നിലയ്ക്ക് വീടുകളിൽനിന്ന് വേർപെടുത്തി പൊതു അടുക്കള എന്ന സങ്കൽപ്പം പ്രായോഗികമാക്കാനാണ് അവിടെ ഒരുവിഭാഗം ശ്രമിക്കുന്നത്. ജോലിക്കു പോകുന്നവരെ അടുക്കള ഭാരത്തിൽനിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടവനാട്ട് ആദ്യശ്രമം നടക്കുന്നത്. ''അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂടോ” എന്നതാണ് അവരുയർത്തുന്ന മുദ്രാവാക്യവും മാനിഫെസ്റ്റോയും. 
നൂറിലേറെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്ത ഒരു പദ്ധതിയാണ് ഇപ്പോഴത്. ഇരുപത്തിയഞ്ചു വീടിന് ഒരടുക്കളയുണ്ടാവും. അവരെ ചേർത്തുള്ള വാട്‌സ് ആപ്പ് വിനിമയവും സാധ്യമാക്കും.അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് മാന്യമായ വരുമാനം നൽകും. പത്രവും പാലുമൊക്കെ വിതരണം ചെയ്യുന്ന പോലെ ഭക്ഷണവിതരണത്തിനു സംവിധാനമുണ്ടാക്കും. അതു ചെയ്യുന്നവർക്കും മാന്യമായ വരുമാനം നൽകും. അപ്പോഴും ഇപ്പോൾ ഓരോ വീട്ടിലും ഭക്ഷണത്തിനു വരുന്നത്ര ചിലവ് വരില്ലെന്നാണ് സംഘാടകർ സമർത്ഥിക്കുന്നത്. സഹകരണബാങ്ക് ഈ സംരംഭത്തിനു സഹായവുമായി രംഗത്തുണ്ട്.
തീർച്ചയായും പരീക്ഷിക്കാവുന്ന ഒന്നാണ് ഈ സംരംഭമെങ്കിലും വളരെ ഗൗരവപരമായ ഒരു വിഷയം ഇവിടെ  പ്രതിസന്ധിയാകാൻ സാധ്യതയുണ്ട്. മനുഷ്യരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ എത്രമാത്രം സാധ്യമാകുമെന്നതു തന്നെയാണത്. തുല്ല്യതയേയും സമത്വത്തേയും കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കാമെങ്കിലും വൈയക്തിക ഇഷ്ടാനിഷ്ടങ്ങളിൽ അതെത്രമാത്രം പ്രായോഗികമാണ്? സോഷ്യലിസത്തിന്റെ പേരിൽ പല രാജ്യങ്ങളിലും മനുഷ്യരുടെ  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിക്കാതിരുന്ന ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. മനുഷ്യൻ സാമൂഹ്യജീവി മാത്രമല്ല, വ്യക്തി കൂടിയാണല്ലോ. 
ഹോസ്റ്റലുകളടക്കം പലയിടത്തും ഇപ്പോൾ തന്നെ ഇതാണല്ലോ നടക്കുന്നത്. പക്ഷെ അവിടെയൊന്നും പൊതുവിൽ ആരും സംതൃപ്തരല്ല എന്നതാണ് വസ്തുത. അപ്പോഴും അടുക്കളയെ കേന്ദ്രമാക്കി രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കട്ടെ. ലിംഗപരമായ വിവേചനം ഇല്ലാതാക്കലാകണം ഏതൊരു പരീക്ഷണത്തിന്റേയും ലക്ഷ്യം എന്നു മാത്രം. അടുക്കളയിൽ വേവേണ്ടത് ഭക്ഷണം മാത്രമല്ല, രാഷ്ട്രീയം കൂടിയാണെന്നു സാരം.

Latest News