Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിക്ക് തെരുവില്‍ കിടന്ന് മരണം; ആംബുലന്‍സ് കാത്ത് മൃതദേഹം മണിക്കൂറുകളോളം തെരുവില്‍ കിടന്നു

ബംഗളുരു- കോവിഡ് ബാധിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്താത്തിനാല്‍ തെരുവില്‍ കിടന്ന് മരിച്ചു. ബംഗളുരുവിലാണ് സംഭവം. അമ്പത്തിയഞ്ചുകാരനാണ് ഈ ദുരിതാവസ്ഥ നേരിടേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൃതദേഹം തെരുവില്‍ വെച്ച് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് ആംബുലന്‍സ് എത്തി മൃതദേഹം കൊണ്ടുപോയത്. 

മധ്യവയസ്‌കന്‍ ശ്വാസതടസത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിതി വഷളായതിനാല്‍ ഭാര്യ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ അദ്ദേഹം തെരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം തെരുവില്‍ മണിക്കൂറുകള്‍ കിടന്ന ശേഷമാണ് ആംബുലന്‍സ് എത്തിയത്.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ആര്‍ അശോക് അറിയിച്ചു.സംഭവം അന്വേഷിക്കുമെന്ന് ബംഗളുരു സിവില്‍ ബോഡി കമ്മീഷണര്‍ അനില്‍ കുമാര്‍ അറിയിച്ചു.

 ബംഗളുരുവില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 994 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ ഇതുവരെ 7,173 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 106 പേര്‍ മരിച്ചു. 6297 പേര്‍ ചികിത്സയിലുണ്ട്. കര്‍ണാടകയില്‍ 19710 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
 

Latest News