Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

അഭിനിവേശം പിന്തുടരുക പ്രധാനം

വിജയമന്ത്രങ്ങൾ-4

ഓരോരുത്തരും അവരിൽ അന്തർലീനമായ അഭിനിവേശം പിന്തുടരുകയെന്നതാണ് വിജയമന്ത്രത്തിൽ പ്രധാനം. പഠനമായാലും കരിയറായാലും ഓരോരുത്തർക്കും സവിശേഷമായ അഭിനിവേശമായിരിക്കും. അതനുസരിച്ചുളള മേഖല തെരഞ്ഞെടുത്ത് മുന്നേറുമ്പോഴാണ് അവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവുക. അപ്പോഴാണ് സന്തോഷവും സംതൃപ്തിയും മാത്രമല്ല വിജയവും അവർക്ക് സ്വന്തമാകുന്നത്. പലപ്പോഴും സോഷ്യൽ സ്റ്റാറ്റസിന്റേയും ഈഗോയുടേയുമൊക്കെ പേരിൽ അഭിനിവേശം അവഗണിച്ച് കോഴ്‌സുകൾ തെരഞ്ഞടുക്കുന്നതും തൊഴിൽ തേടുന്നതുമൊക്കെ കുട്ടികൾക്കും കുടുംബങ്ങൾക്കും ദുരന്തങ്ങൾ സൃഷ്ടിക്കാറുണ്ട്. അഭിനിവേശം അനുസരിച്ച് തീരുമാനമെടുക്കുമ്പോൾ പഠനത്തിലും തൊഴിലിലും സംതൃപ്തി ലഭിക്കുമെന്ന് മാത്രമല്ല ആർക്കും യാതൊരു സമ്മർദവുമുണ്ടാവുകയുമില്ല. 
ഓരോരുത്തരും അവരുടെ സ്വന്തം പാട്ടുകൾ പാടുകയും ജീവിതം ആനന്ദകരമാക്കുകയും ചെയ്യുന്നുവെന്നതാണ് അഭിനിവേശം പിന്തുടരുന്നതിലൂടെ സാധ്യമാകുന്നത്.  സ്വന്തം പാട്ട് പാടാൻ കഴിവുള്ള നിസ്തുലമായ വ്യക്തിത്വവും അഭിനിവേശമുള്ള വ്യക്തികളെകൊണ്ട് മറ്റുള്ളവരുടെ പാട്ടുകൾ പാടാൻ നിർബന്ധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണമായ മാനസിക സാമൂഹിക പ്രതിസന്ധി നിസ്സാരമല്ല. 
താരതമ്യം ചെയ്യാതിരിക്കുകയെന്നതാണ് വിജയമന്ത്രത്തിൽ മറ്റൊന്ന്. ആരും ആരെപ്പോലെയല്ല. തികച്ചും വ്യത്യസ്തമായ ബുദ്ധിയും വിചാര വികാരങ്ങളുമുള്ള നിസ്തുല വ്യക്തിത്വങ്ങളാണ് ഓരോരുത്തരും.  അതിനാൽ ആരെയും മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക. 
ആദ്യം സമയപരിധി (ഡെഡ്‌ലൈൻ) നോക്കുക, പ്രകടനനില പരമാവധിയാക്കുക, കൗണ്ട് ഡൗൺ തുടങ്ങുക എന്നിവയാണ് വിജയത്തിന്റെ ത്രീ എസ് ഫോർമുല. സമയാനുസൃതമായി നീങ്ങിയാൽ മാത്രമേ വിജയിക്കാനാവുകയുള്ളൂ.  പഌനും പദ്ധതികളുമൊക്കെ സമയബന്ധിതമായി പൂർത്തിയാക്കുമ്പോഴാണ് നാം വിജയിക്കുന്നത്. അതിനാൽ സമയപരിധി ആദ്യം നിർണയിക്കൽ പ്രധാനമാണ്. സമയപരിധി നിശ്ചയിച്ച് കഴിഞ്ഞാൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്യണമെന്നാണ് ഈ ഫോർമുല വിവക്ഷിക്കുന്നത്. 
ആശ്വാസ മേഖലയിൽ നിന്നും പുറത്തുവരിക, വ്യത്യസ്തമായി ചിന്തിക്കുക. നൂതനമായിരിക്കുക എന്നതും വിജയത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്.  ഓരോരുത്തരും അവനവന്റെ കംഫർട് സോണിൽ മടിയരാവാനാണ് സാധ്യത. അതൊഴിവാക്കാനും കൂടുതൽ പരിശ്രമങ്ങൾ നടത്തുവാനും ആ ആശ്വാസമേഖലയിൽ നിന്നും പുറത്തുവരുന്നതിലൂടെ സാധിക്കും. വ്യത്യസ്തമായി ചിന്തിക്കുന്നതും നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതും വിജയത്തിലേക്കുളള വഴി എളുപ്പമാക്കും. 
ജീവിതവിജയവും സന്തോഷവും ഉറപ്പുവരുത്തുന്നതിനായി പ്രശസ്ത മോട്ടിവേഷണൽ ട്രെയിനറും ഗ്രന്ഥകാരനുമായ റോബിൻ ശർമ നിർദേശിക്കുന്ന എട്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. 
1. സ്വന്തത്തിന് വേണ്ടി കുറച്ച് സമയമെങ്കിലും ഉറപ്പുവരുത്തുന്നതിനായി സൂര്യോദയത്തിന്റെ മുമ്പായി എഴുന്നേൽക്കുക. സൂര്യോദയത്തിന് മുമ്പുള്ള അനുഗൃഹീതമായ ബ്രഹ്മ മുഹൂർത്തമാണ് നമ്മിലുള്ള മികച്ച നായകനെ പുറത്തെടുക്കുവാൻ പറ്റിയ സമയം. നമ്മിൽ ഉറങ്ങിക്കിടക്കുന്ന ഹീറോയെ ഉണർത്താൻ കഴിഞ്ഞാൽ വമ്പിച്ച മാറ്റമാണ് സംഭവിക്കുക. വിസ്മയകരമായ വിജയഗാഥകൾ സ്വന്തമാക്കുന്നവരായിരിക്കും അത്തരക്കാർ. 
2. കുറച്ച് വിയർക്കുന്ന വ്യായാമം ചെയ്യുക. മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുവാനും ഉന്മേഷമുള്ളതാക്കുവാനും ശാരീരിക വ്യായാമങ്ങൾക്കാകും. പ്രഭാത വ്യായാമം ശീലമാക്കുന്നത് ജീവിതത്തിൽ സന്തോഷവും സമാധാനവും ശാന്തതയുമൊക്കെ സമ്മാനിക്കുന്ന ഡൊപാമിൻ, സെറോടോണിൻ, നൊറിപിനേഫ്രൈൻ തുടങ്ങിയ ഹോർമോണുകൾ ഉൽപാദിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 
3. നല്ല ഒരു പുസ്തകം വായിക്കുക. വൈജ്ഞാനികവും ശാസ്തീയവുമായ പുസ്തകം വായിക്കുന്നത് മനുഷ്യന്റെ ചിന്തയേയും ബുദ്ധിയേയും ഉത്തേജിപ്പിക്കും. 
4. ജേർണൽ എഴുതുക. ജീവിതത്തിൽ നാം എന്തിനോടൊക്കെ നന്ദിയുള്ളവരാണെന്ന് രേഖപ്പെടുത്തുക. ഇത് ജീവിതത്തിലെ സുവർണ നിമിഷങ്ങളെ അയവിറക്കാനും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടാനും സഹായിക്കും. 
5. പോസിറ്റിവിറ്റി സൃഷ്ടിക്കുക. നമുക്കുചുറ്റും നല്ലതും മോശവുമായ ഏറെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മനസ്സിനെ പോസിറ്റീവ് ആയി നിലനിർത്തുമ്പോൾ എല്ലാറ്റിലും നന്മ കാണുവാൻ സാധിക്കും. നന്മ കാണുമ്പോൾ നല്ല ചിന്തകളാണുണ്ടാവുക. നല്ല ചിന്തകളും നല്ല സ്വപ്‌നങ്ങളുമാണ് വിജയത്തിലേക്കെത്തിക്കുക. 
6. കഴിയുന്നത്ര പ്രകൃതിയുമായി സംവദിക്കുക. പ്രകൃതിയുടെ മടിത്തട്ടിൽ നിരവധി അനുഗ്രഹങ്ങളുമാസ്വദിച്ചാണ് നാം വസിക്കുന്നത്. നാം ശ്വസിക്കുന്ന വായുവും വസിക്കുന്ന ദേശവും കുടിക്കുന്ന ജലവുമൊക്കെ പ്രകൃതിയുടെ വരദാനങ്ങളാണ്. 
7. നെഗറ്റീവ് ചിന്താഗതിക്കാരെ പരമാവധി ഒഴിവാക്കുക. സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാവരും പോസിറ്റീവ് ചിന്തകൾ വെച്ചുപുലർത്തുന്നവരോ അത് അംഗീകരിക്കുന്നവരോ ആകണമെന്നില്ല. വിജയത്തിലേക്കുള്ള നമ്മുടെ ജൈത്രയാത്രയെ തടസ്സപ്പെടുത്തുവാൻ  ഒരു കാരണവശാലും അത്തരം നെഗറ്റീവ്് ചിന്താഗതിക്കാർക്ക് കഴിയാതിരിക്കണമെങ്കിൽ നാം സോദ്ദേശ്യപൂർണമായ ജാഗ്രത കാണിക്കണം.
8. നിങ്ങളുടെ ദിവസങ്ങൾക്ക് രൂപ ഭാവവും ആസൂതണവുമുണ്ടാവുക. ദിവസം തോറും നാം ചെയ്യാനുദ്ദേശിക്കുന്ന ജോലികളുടെ ഷെഡ്യൂൾ തയ്യാറാക്കുകയും ഓരോന്നിനും സമയം നിശ്ചയിക്കുകയും ചെയ്യുമ്പോൾ നിർവഹണം കാര്യക്ഷമമാവുകയും വിജയം സുനിശ്ചിതമാവുകയും ചെയ്യും. 
മിക്ക മനുഷ്യരും ഏറ്റവും മികച്ചത്് ചെയ്യുവാനല്ല ശ്രമിക്കുക മറിച്ച് ഏറ്റവും എളുപ്പമുളളതുചെയ്യുവാനാണ്. എന്നാൽ വിജയികൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുവാനുള്ള മെച്ചപ്പെട്ട മാർഗങ്ങളാണ് അന്വേഷിക്കുക. 
വിജയമെന്നത് ഒരു ശതമാനം പ്രചോദനവും ബാക്കി 99 ശതമാനം അദ്ധ്വാനവുമാണെന്നാണ് പറയാറുള്ളത്. വ്യവസ്ഥാപിതമായ ശ്രമങ്ങളും സ്ഥിരോൽസാഹവുമാണ് വിജയം സാക്ഷാൽക്കരിക്കുവാൻ സഹായിക്കുന്നത് എന്നർഥം. ഏത് മേഖലയിലാണ് തനിക്ക് അഭിനിവേശമുള്ളതെന്ന് തിരിച്ചറിയുകയും ആ രംഗവുമായി ബന്ധപ്പെട്ട ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ച് മുന്നേറുകയുമാണ് വേണ്ടത്. 
അച്ചടക്കമാണ് വിജയം കൈവരിക്കുവാൻ അനിവാര്യമായ മറ്റൊരു ഘടകം. ജീവിതത്തിലും തൊഴിലിലും പഠന രംഗത്തുമൊക്കെ അച്ചടക്കത്തിന് വലിയ പ്രാധാന്യമുണ്ട്.വിജയികൾ സ്വയം അച്ചടക്കം പാലിക്കുന്നു. അതിലൂടെ ഓരോ കാര്യങ്ങളും വൃത്തിയായും കൃത്യമായും ചെയ്യാനും അത്തരക്കാർക്ക് സാധിക്കും. വ്യക്തിപരമായ അച്ചടക്കം, സാമ്പത്തിക അച്ചടക്കം, സാമൂഹിക അച്ചടക്കം, ധാർമിക അച്ചടക്കം എന്നിവയൊക്കെ പ്രധാനപ്പെട്ടവ തന്നെയാണ്. ജീവിതത്തിൽ അച്ചടക്കമില്ലെങ്കിൽ വിജയിക്കാനാവുകയില്ലെന്ന് മാത്രമല്ല ഫലം പരാജയവും വിഷമങ്ങളും നിരാശയും തിരിച്ചടികളുമൊക്കെയാരിക്കുമെന്ന് നാം തിരിച്ചറിയുക.  മോട്ടിവേഷനും വിജയം സാക്ഷാൽക്കരിക്കുന്നതിൽ വലിയ പങ്കുണ്ട്. സ്വന്തം നിലക്കുളള മോട്ടിവേഷനും മറ്റുള്ളവരിൽ നിന്നുള്ള മോട്ടിവേഷനും ഇതിൽപെടും. ലക്ഷ്യം നേടിയാലുള്ള നേട്ടങ്ങളെക്കുറിച്ച് കൂടുതലായും ചിന്തിക്കുമ്പോൾ മാർഗത്തിലുള്ള പ്രയാസങ്ങൾ അതിജീവിക്കുവാൻ എളുപ്പമാകും.  
ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്ന ഒരു പ്രധാന ഗുണം ആത്മപരിശീലനമാണ്. മനസിന്റെ കഴിവ് അപാരമാണ്. അതിനെ വേണ്ട രൂപത്തിൽ ട്രെയിൻ ചെയ്താൽ ജീവിതത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. 
ആത്മശിക്ഷണം ജീവിതത്തിൽ എന്തും നേടാനുള്ള അവസരങ്ങളുടെ വാതായനങ്ങളാണ് തുറക്കുക. വിദ്യാഭ്യാസം, ബിസിനസ്, സാഹിത്യം, സ്‌പോട്‌സ് എന്നിങ്ങനെ ഏത് മേഖലയിലും നേട്ടങ്ങൾ കൈവരിക്കാൻ  ഇത് സഹായിക്കും. മനസ്സിനെ ശക്തിപ്പെടുത്തുന്ന പ്രത്യേക മെഡിറ്റേഷനുകൾ തന്നെയുണ്ട്. അതോടൊപ്പം ദൈവ ഭയവും ഈശ്വര പ്രാർഥനയും മനശ്ശക്തി വർദ്ധിപ്പിക്കുവാൻ സഹായകമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 ഒരു ജോലിയും പിന്നേക്ക് മാറ്റിവെക്കാതിരിക്കുകയെന്നതാണ് വിജയിക്കാനാവശ്യമായ മറ്റൊരു കാര്യം. 
അകാരണമായി കാര്യങ്ങൾ നീട്ടിവെക്കുന്നതും ചെയ്യാതിരിക്കുന്നതും  അലസതയുടെ അടയാളമാണ്. അലസതയാവട്ടെ ജീവിതത്തിൽ പരാജയം, നിരാശ, അപകർഷതാബോധം തുടങ്ങിയ നിരവധി നെഗറ്റീവ് വികാരങ്ങളാണ് സൃഷ്ടിക്കുക. ചിലപ്പോൾ പിന്നെ എന്നത് ഒരിക്കലും നടക്കില്ല. അതിനാൽ ഇപ്പോൾ ചെയ്യുക എന്ന നയമാണ് നാം പിന്തുടരേണ്ടത്. 
ജീവിത വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യുന്നതിനാൽ  യാതൊരുവിധ ഒഴിവുകഴിവുകളും കണ്ടെത്താതെ ജീവിതത്തിലും കർമപഥത്തിലും സത്യസന്ധരാകുവാൻ കഴിയുമെന്നതാണ്  ഇത്തരക്കാരുടെ സവിശേഷത.
പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോഴും പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴും ഇവർ വളരെ ശാന്തരും സമചിത്തരും ആയിരിക്കും. ചെറിയ കാര്യങ്ങളിൽ അസ്വസ്ഥരാകാതെ പ്രധാനപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും വിജയികളുടെ സ്വഭാവമായിരിക്കും. ജീവിതത്തെ പോസിറ്റീവായി മാത്രം സമീപിക്കുകയും ഓരോ സന്ദർഭങ്ങളിലും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ എന്നും ഊർജസ്വലരാകുവാൻ കഴിയും. കാലാവസ്ഥ മാറുമ്പോൾ കാതങ്ങൾ താണ്ടി ശരീര ഭാരം കുറച്ചും പുതിയ വാസ സ്ഥലം കണ്ടെത്തിയും മാറ്റങ്ങളെ പോസിറ്റീവാക്കുന്ന ദേശാടനക്കിളികളുടെ മാതൃകയാണ് വിജയികൾ പിന്തുടരുക. 
ഒരേ സമയത്ത് ഒന്നിലധികം കാര്യങ്ങൾ ചെയ്യാതിരിക്കുകയെന്നതാണ് വിജയം നേടാനുള്ള മറ്റൊരു തന്ത്രം. മൾട്ടി ടാസ്‌കിംഗിൽ ചിലർ വിജയിച്ചേക്കാമെങ്കിലും പൊതുവേ  പ്രധാന കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയാതെ പ്രയാസങ്ങൾ ഉണ്ടാക്കുവാനാണ് സാധ്യത. സമയം ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് പ്രധാനപ്പെട്ട ഒരു വിജയ മന്ത്രം.  സമയം നഷ്ടപ്പെട്ടാൽ ഒരിക്കലും വീണ്ടെടുക്കാനാവാത്ത അമൂല്യ നിധിയാണ്. സമയ നിഷ്ഠ പാലിക്കുന്നതും  ചിട്ടയുള്ള ജീവിതവും വിജയത്തിലേക്കുള്ള പാത അനായാസമാക്കും. 
ഒരു  നല്ല ശ്രോതാവുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിജയമന്ത്രങ്ങളിലൊന്ന്. പറയാൻ തിടുക്കം കാണിക്കുന്നതിനേക്കാൾ  ശ്രദ്ധിച്ച് കേൾക്കാൻ ക്ഷമ കാണിക്കുകയാണ് വേണ്ടത്. ദൈവം നമുക്ക് രണ്ട് കാത് നൽകിയപ്പോൾ ഒരു നാവ് മാത്രം നൽകിയത് പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  
ടെക്‌നോളജിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക. അനാവശ്യമായി സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിന്റെ ലോകത്തും വ്യാപരിക്കുന്നവർ പലപ്പോഴും ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതായാണ് കാണുന്നത്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയൊക്കെ സ്വയം നിയന്ത്രിതമായി ഉപയോഗിക്കുവാൻ ശീലിക്കുക. അവയൊന്നും നമ്മെ അടിമപ്പെടുത്താതെ നമ്മുടെ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയണം.  
  ചുരുക്കത്തിൽ ശുഭാപ്തി വിശ്വാസവും ക്രിയാത്മകമായ ചിന്തകളുമാണ് വിജയശിൽപികൾ. ഓരോരുത്തരും നിസ്തുല വ്യക്തിത്വങ്ങളായതിനാൽ നമ്മുടെ വിജയമന്ത്രങ്ങൾ തീരുമാനിക്കുന്നതും നാമോരോരുത്തരുമാണ്. വിഷയത്തിന്റെ ചില വശങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില ചിന്തകൾ മാത്രമാണ് ഇവിടെ പങ്കുവെച്ചത്. പഠനത്തിലും കരിയറിലുമൊക്കെ നല്ല മനസ്സോടെ മുന്നേറാനും ജീവിതവിജയം സാക്ഷാൽക്കരിക്കുവാനും സാധ്യമായവ പിന്തുടരുക.(തുടരും)
 

Latest News