ക്രിമിനലാക്കി വളര്‍ത്തിയത് രാഷ്ട്രീയക്കാര്‍; അവനെ വെടിവെച്ചു കൊല്ലണമെന്ന് അമ്മ

ലഖ്‌നൗ- കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്താലും ഡിവൈ.എസ്.പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ മകന്‍ വികാസ് ദുബെയെ കൊലപ്പെടുത്തണമെന്ന് അമ്മ സരളാ ദേവി.

അവന്‍ പോലീസിന് മുന്നില്‍ കീഴടങ്ങണം. ഒളിച്ചു കഴിഞ്ഞാലും പോലീസ്  ഏറ്റുമുട്ടലില്‍ അവന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. ഇനി പിടികൂടിയാലും പോലീസുകാര്‍ അവനെ വെടിവെച്ചു കൊല്ലണമെന്നും കര്‍ശന ശിക്ഷക്കര്‍ഹനാണെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞഞു.

നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അവന്‍ വളരെ മോശം കൃത്യമാണ് നടത്തിയത്.  ടി.വിയില്‍ ഏറ്റുമുട്ടലിന്റെ വാര്‍ത്ത ഞാന്‍ കണ്ടു. അവന്‍ സ്വയം പുറത്തുവന്ന് പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്. പോലീസ് അവനെ എങ്ങനെയെങ്കിലും കണ്ടെത്തുമെന്ന കാര്യം ഉറപ്പാണ്. അവനെ കര്‍ശനമായി ശിക്ഷിക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.
രാഷ്ട്രീയക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷമാണ് വികാസ് ദുബെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിപ്പെട്ടതെന്ന് സരള ദേവി പറഞ്ഞു. അവനെ വളര്‍ത്തിക്കൊണ്ടുവന്നത് രാഷ്ട്രീയ നേതാക്കളാണ്.

എം.എല്‍.എയാകാനാണ് അവന്‍ ആഗ്രഹിച്ചെതന്നും രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മുന്‍ യു.പി സര്‍ക്കാരിലെ മന്ത്രി സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്നത് ഇതിനാണെന്നും അവര്‍ പറഞ്ഞു.

നാല് മാസമായി അവനെ കണ്ടിട്ടില്ലെന്നും ഇളയ മകനോടൊപ്പം ലഖ്‌നൗവില്‍ താമസിക്കുന്ന താന്‍  വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും അവന്‍ കാരണം ലജ്ജിക്കുന്നുവെന്നും സരള ദേവി പറഞ്ഞു.
അതിനിടെ വികാസ് ദുബെ എവിടെയാണെന്ന വിവരം നല്‍കുന്ന വ്യക്തിക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് കാണ്‍പൂര്‍  ഐജി  മോഹിത് അഗര്‍വാള്‍ അറിയിച്ചു.
ബിക്കാരു ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ക്രിമിനലുകള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ പിടികൂടുന്നതിന് താമസ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വെടിയുതിര്‍ത്തത്.

 

Latest News