വിശുദ്ധരാകാന്‍ സി.പി.എമ്മെന്ന കുളത്തില്‍ മുക്കിയെടുക്കണോ- എം.കെ. മുനീര്‍

കോഴിക്കോട്- സി.പി.എമ്മെന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാകുമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ.മുനീര്‍. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ വാഴ്ത്തികൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു മുനീര്‍.
 
യു.ഡി.എഫില്‍ നില കൊണ്ടപ്പോള്‍ മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരും തൊട്ടുകൂടാന്‍ പറ്റാത്തവരുമായിരുന്നു. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പോലും മാണിക്കില്ലെന്ന് പറഞ്ഞവരാണ്. തങ്ങളുടെ പക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ സിപിഎം അവരെ വിശുദ്ധരാക്കും. സിപിഎം മറ്റു പാര്‍ട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിലകല്‍പ്പിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

സി.പി.എമ്മിനോടൊപ്പം കൂടിയാല്‍ ഏത് പാര്‍ട്ടിയേയും അവര്‍ മതേതര ജനാധിപത്യമൂല്യമുള്ളവരായി വാഴ്ത്തും. സി.പി.എമ്മിന്റെ സംശുദ്ധരാഷ്ട്രീയത്തിന്റെ നിര്‍വചനം അനുസരിച്ച് നിലപാടെടുക്കാന്‍ യു.ഡി.എഫിനെ കിട്ടില്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിന് മുനീര്‍ മറുപടി നല്‍കി.

യു.ഡി.എഫ് ആരേയും പുറത്താക്കാന്‍ ചിന്തിക്കുന്നില്ലെന്നും  കേരള കോണ്‍ഗ്രസിനെ തിരിച്ചെടുക്കുന്നതിന് ജോസ് കെ.മാണി തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News