ഇസ്ലാമാബാദ്- പരിശോധനയില്‍ കോവിഡ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രത്യേക ദൂതന് സാല്‍മയ് ഖലീല്‍സാദ് അടക്കമുള്ളവര്‍ പങ്കെടുത്ത കൂടിക്കാഴ്ചയിലും ഉന്നതതലയോഗങ്ങളിലും സംബന്ധിച്ചതിനു പിന്നാലെയാണ് പാക് വിദേശമന്ത്രിക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നേരിയ പനി അനുഭവപ്പെട്ട ഉടന്‍ തന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചുവെന്ന് ഖുറേശി ട്വിറ്ററില്‍ പറഞ്ഞു. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വീട്ടില്‍വെച്ച് ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ചര്‍ച്ച നടത്തിയ ഖുറേശി ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തിരുന്നു.
അഫ്ഗാന് സമാധാന പ്രക്രിയയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി പാക്കിസ്ഥാനിലെത്തിയ യു.എസ് പ്രത്യേക പ്രതിനിധി ഖലീല്‍സാദ് ഖുറേശിയേയും കണ്ടിരുന്നു.
ഖുറേശിയോടൊപ്പം ഈ യോഗങ്ങളില്‍ പങ്കെടുത്തവരെല്ലാം മാസ്ക് ധരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. യു.എസ് വിദേശകാര്യ വകുപ്പിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
പാക്കിസ്ഥാനില്‍ ഇതുവരെ 2,21,896 കൊറോണ വൈറസ് കേസുകളും 4,451 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസേന നടത്തുന്ന പരിശോധനകളുടെ എണ്ണം കുറയുകയാണെങ്കിലും രാജ്യത്ത് പ്രതിദിനം കുറഞ്ഞത് 4,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റെയില്‍വേ മന്ത്രി ശൈഖ് റഷീദിനും പാര്‍ലമെന്റിന്റെ അധോസഭയുടെ സ്പീക്കര്‍ അസാദ് കൈസെര്ക്കും നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കോവിഡ് സ്ഥീരീകരിച്ചിരുന്നു.






