കൊച്ചി- നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്ന നടൻ ദിലീപ് ജാമ്യത്തിലിറങ്ങി. ആലുവ സബ് ജയിലിൽനിന്നാണ് ദിലീപ് വീട്ടിലേക്ക് മടങ്ങിയത്. ജയിലിന് പുറത്ത് ദിലീപിനെ കാണുന്നതിനായി ആയിരകണക്കിന് ആരാധകർ എത്തിയിരുന്നു. വെള്ള വസ്ത്രം ധരിച്ച് പുറത്തെത്തിയ ദിലീപ് ആരാധകർക്ക് നേരെ കൈവീശിയാണ് കാറിൽ കയറിയത്. ആരാധകർ ദിലീപിന് പുഷ്പവൃഷ്ടിയും നടത്തി. പരവൂർ കവലയിലെ വീട്ടിലേക്കാണ് ദിലീപ് പോയത്. ദിലീപിന്റെ അനിയൻ അനൂപിന്റെ വീടാണിത്. ഇവിടെയാണ് ദിലീപിന്റെ അമ്മയും ഭാര്യ കാവ്യാ മാധവും മകൾ മീനാക്ഷിയുമുള്ളത്.
എൺപത്തിയഞ്ച് ദിവസമായി ജയിലിൽ കഴിയുകയായിരുന്നു ദിലീപ്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് സുനിൽ തോമസാണ് ജാമ്യം അനുവദിച്ചത്. അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. തെളിവ് നശിപ്പിക്കരുത്, പാസ്‌പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിർദ്ദേശിച്ചത്.