വിപണയിൽ താരമായി  ഖാദി മാസ്‌കുകൾ

ഖാദി മാസ്‌കുകൾ.

കണ്ണൂർ- കോവിഡ് കാലത്തെ താരമായി ഖാദി മാസ്‌കുകൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകൾ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഖാദി മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി സർക്കാർ ജീവനക്കാർക്ക് ഖാദി മാസ്‌കുകൾ നിർബന്ധമാക്കുന്നു. എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകൾ ഖാദി ബോർഡിൽനിന്ന് വാങ്ങാൻ സർക്കാർ നിർദേശം നൽകി. ഇതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ കേന്ദങ്ങളിൽ നിന്നായി മാസ്‌കുകളുടെ ഉൽപാദനം ആരംഭിച്ചു കഴിഞ്ഞു. 
നൂറിലേറെ തവണ കഴുകി ഉപയോഗിക്കാൻ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോർഡ് മാസ്‌കുകൾ നിർമിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്‌ക്കുകൾ ഖാദി ബോർഡിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാവും. മാസ്‌ക് ഒന്നിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാൽ 100 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ 13 രൂപ നിരക്കിൽ മാസ്‌ക് ലഭിക്കും. കട്ടിയുള്ള തുണി ആയതിനാൽ മാസ്‌കുകൾക്ക് ഒരു പാളിയാണ്. ഇലാസ്റ്റിക് ഉള്ള മാസ്‌കുകളും കെട്ടാൻ കഴിയുന്ന മാസ്‌കുകളുമാണ് നിർമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ട്രെൻഡി മാസ്‌കുകൾ വിപണിയിലിറക്കുമെന്ന് ഖാദി ബോർഡ് ഡെപ്പ്യൂട്ടി ഡയറക്ടർ എൻ. നാരയണൻ പറഞ്ഞു. ഖാദി വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവയ്ക്ക് അനുയോജ്യമായ മാസ്‌കുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജില്ലയിൽ 20,000 രൂപയുടെ മാസ്‌കുകളാണ് വിറ്റഴിച്ചത്.               

 

Latest News