Sorry, you need to enable JavaScript to visit this website.

നിറയെ വാഴകൾ, പച്ചക്കറി: കൃഷി വിസ്മയവുമായി  ദീ ഐൻ ഗ്രാമം 

അൽബാഹയിലെ വാഴത്തോട്ടം.

അൽബാഹ- വാഴപ്പഴവും പേരക്കയും മാമ്പഴവും ചെറുനാരങ്ങയും ഈത്തപ്പനയും വിളഞ്ഞുനിൽക്കുന്ന ദീ ഐൻ ഗ്രാമം സൗദി അറേബ്യയിലെ പ്രകൃതിരമണീയ പ്രദേശങ്ങളിലൊന്നാണ്. പ്രതിവർഷം 72,000 കിലോ വാഴപ്പഴം ഉൽപാദിപ്പിക്കുന്ന ഈ കർഷക ഗ്രാമം അൽബാഹയിൽ സറാത്തുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് ചുരം റോഡിലെ ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്.
വേനൽ, ശൈത്യകാല ഭേദമന്യേ എപ്പോഴും മഴ ലഭിക്കുമെന്നതിനാൽ മലകളിൽനിന്നുൽഭവിക്കുന്ന അരുവികളും ഫലഭൂഷ്ട മണ്ണുമാണ് ഈ ഗ്രാമത്തിന്റെ അനുഗ്രഹം. വേനൽകാലത്ത് ചൂടും ശൈത്യകാലത്ത് സമശീതോഷ്ണവുമുള്ള ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1985 മീറ്റർ ഉയരത്തിലാണുള്ളത്. വാഴ, പേരക്ക, മാമ്പഴം തുടങ്ങി വൈവിധ്യ കാർഷികോൽപന്നങ്ങൾ ഇവിടെ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നു.

20,000 ത്തിലധികം വാഴകളാണ് നിലവിൽ ഇവിടെയുള്ളത്. വിളവെടുപ്പ് പ്രധാനമായും വേനൽ കാലത്താണ്. ഒരു വാഴക്കുലക്ക് 15 മുതൽ 20 റിയാൽ വരെയാണ് വില. അൽബാഹയിലെ മാർക്കറ്റിലെത്തിച്ച് അവിടെനിന്ന് സൗദിയുടെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഏതു കാലത്തും ജലസമൃദ്ധമാണെന്നത് കാരണം ഗ്രാമത്തിന് എപ്പോഴും പച്ചപ്പാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിലുള്ള വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. 400 വർഷത്തെ കാർഷിക പാരമ്പര്യമുള്ള ഗ്രാമമാണിതെന്ന് ഗ്രാമ മുഖ്യൻ യഹ്‌യ ബിൻ ആരിഫ് അൽസഹ്‌റാനി പറയുന്നു. 


മാർബിളിന് പേരു കേട്ട ഗ്രാമം കൂടിയാണിത്. മസ്ജിദുൽ ഹറാമിന്റെ വികസനത്തിന് ഇവിടുത്തെ കല്ലുകൾ കൊണ്ടുപോയിരുന്നു. 2014 ൽ യുനസ്‌കോയുടെ പൈതൃക ഗ്രാമങ്ങളിൽ ഈ ഗ്രാമത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 58 ഓളം പൈതൃക കൊട്ടാരങ്ങൾ ഇവിടെ സംരക്ഷിച്ചു വരികയാണ്.
പത്താം നൂറ്റാണ്ടിലാണ് ഈ ഗ്രാമത്തിൽ ജനവാസം തുടങ്ങിയതെന്നാണ് ചരിത്രം. പല ഗോത്രക്കാരും ഇവിടെ താമസിച്ചിരുന്നു. തുർക്കി സുൽത്താനായ മുഹമ്മദ് അലി പാഷയുടെ സൈന്യം ഇവിടെയും എത്തിയിരുന്നതായി ചരിത്രം പറയുന്നു. 16 മില്യൻ റിയാൽ ചെലവഴിച്ച് സൗദി ടൂറിസം വകുപ്പ് ഇവിടെ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്.
 

Latest News