കൊച്ചി- നടിയെ അക്രമിച്ച കേസിൽ എൺപത് ദിവസത്തിലേറെയായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. ജസ്റ്റീസ് സുനിൽ തോമസ് അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. തെളിവ് നശിപ്പിക്കരുത്, പാസ്‌പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിർദ്ദേശിച്ചത്. ജാമ്യം ലഭിച്ച വിവരം ജയിൽ സൂപ്രണ്ട് ദിലീപിനെ നേരിട്ടറിയിച്ചു. ഏകദേശം ഒരു മണിക്കൂറിനകം ദിലീപ് പുറത്തിറങ്ങും.






