ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ  16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍  ആശങ്ക

ആലപ്പുഴ-ആലപ്പുഴയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ 12 കോവിഡ് രോഗികളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്.
എട്ടും, ഒന്‍പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അടക്കമാണ് വൈറസ് ബാധയുണ്ടായത്. വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിലെ സമ്പര്‍ക്ക രോഗികളുടെ എണ്ണം 18 ആയിരിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമുണ്ട്.
ആലപ്പുഴ ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാല്‍ കായംകുളം മാര്‍ക്കറ്റും നഗരസഭയിലെ എല്ലാ വാര്‍ഡുകളും അടച്ചു.
 

Latest News