Sorry, you need to enable JavaScript to visit this website.

സാമൂഹിക അകലം നിര്‍ബന്ധം; ഉമിനീര്‍ കണങ്ങള്‍ 8 മുതല്‍ 13 അടി ദൂരം വരെ സഞ്ചരിക്കും

ബെംഗളൂരു-കൊറോണ വൈറസുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങളില്‍ നിന്ന് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന ഉമനീര്‍ കണങ്ങള്‍ നശിക്കുന്നതിനു മുമ്പ് എട്ടു മുതല്‍ 13 വരെ അടി ദൂരം സഞ്ചരിക്കുമെന്ന് കണ്ടെത്തല്‍.വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ, രോഗത്തിന് ഉമിനീര്‍ കണങ്ങള്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പുറത്തേക്ക് തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ ആരോഗ്യവാനായ ഒരാളെ എങ്ങനെയാണ് രോഗബാധിതനാക്കുന്നതെന്നു കണ്ടെത്താനാണ് പഠനം നടത്തിയത്.
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരും പഠനത്തില്‍ പങ്കുവഹിച്ചു. ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ്‌സ് എന്ന ജേണലില്‍ ഇതു സംബന്ധിച്ച കണ്ടെത്തലുകള്‍ നല്‍കിയിട്ടുണ്ട്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴുമാണ് ഉമിനീര്‍ കണങ്ങള്‍ പുറത്തേക്കു തെറിക്കാന്‍ സാധ്യത കൂടുതലുള്ളത്. കോവിഡ് ബാധിതനായ ഒരാളുടെ ഉമിനീരും ആരോഗ്യവാനായ ഒരാളുടെ ഉമിനീരും തമ്മില്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ഉമിനീര്‍ കണത്തിന്റെ വലുപ്പം, അതു സഞ്ചരിക്കുന്ന ദൂരം, സമയം തുടങ്ങിയവ പഠന വിധേയമാക്കിയെന്ന് പറയുന്നു.
അതേസമയം,തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഗവേഷകരുടെ പരീക്ഷണം. കാറ്റടക്കം അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ രോഗവ്യാപനവും കൂട്ടും. കാറ്റില്ലാതെ അനുയോജ്യമായ അന്തരീക്ഷത്തിലാണെങ്കില്‍ ഉമിനീര്‍ കണങ്ങള്‍ 13 അടിവരെ സഞ്ചരിക്കുമെന്ന് ഗവേഷകന്‍ അഭിഷേക് സാഹയും വ്യക്തമാക്കുന്നു. അതിനാല്‍ സാമൂഹിക അകലം (6 അടി) പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യുന്നത് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
 

Latest News