രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിനെതിരെ തെളിവ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

തൃശൂര്‍- ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. സി പി ഉദയഭാനുവിന് പങ്കുള്ളതായി പോലീസിനു സൂചന ലഭിച്ചു. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉദയഭാനും ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. ബി രാമന്‍പിള്ള മുഖേന നല്‍കിയ അപേക്ഷയില്‍ ഈ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ഉദയഭാനു പറയുന്നു. ഓട്ടേറെ കേസുകളില്‍ സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ താന്‍ നിയമവ്യവസ്ഥയെ മാനിക്കുന്നയാളാണ്. ഇത്തരമൊരു കൃത്യത്തിന് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നും അറസ്റ്റിലായവരില്‍ നിന്ന് പോലീസ് തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്. ഇതിനു പുറമെ നിര്‍ണായകമായ മറ്റു തെളിവുകളും പോലീസിനു ലഭിച്ചതായി സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണിയേയും കൂട്ടാളി രഞ്ജിത്തിനേയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.

 

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഉദയഭാനുവിന്റെ പങ്കിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. മുന്‍കൂട്ടി പറഞ്ഞുപഠിപ്പിച്ച പോലെ മറുപടികള്‍ പറഞ്ഞ ശേഷം ഫോണ്‍സംഭാഷണ രേഖകള്‍ പൊലീസ് കാണിച്ചു കൊടുത്തോടെ പ്രതികള്‍ക്ക് ഉത്തരം മുട്ടുകയായിരുന്നു. സംഭവ ദിവസം ഇവരുടെ ഫേണില്‍ നിന്ന് ഉദയഭാനുവിന്റെ ഫോണിലേക്കു പോയ കോളുകള്‍ അടക്കം എല്ലാ തെളിവുകളും പ്രതികള്‍ക്കു പൊലീസ് കാണിച്ചു കൊടുത്തു. ശേഷമാണ് അഭിഭാഷകന്റെ പങ്കുസംബന്ധിച്ച് രണ്ടു പ്രതികളും മൊഴിനല്‍കിയത്.

Latest News