Sorry, you need to enable JavaScript to visit this website.

കേരള പോലീസിന് ബിഗ് സല്യൂട്ട് 

സാങ്കേതിക വിദ്യ പുരോഗമിച്ചത് ഏറെ ഉപകാരപ്രദമാണ്. യുട്യൂബിൽ തെരഞ്ഞാൽ കിട്ടാത്ത പാട്ടുകളില്ല. താജ്മഹൽ, നാഗിൻ, സൂരജ് മുതൽ വയലാർ-പി. ഭാസ്‌കരൻ കാലത്തെ വരെ ശ്രുതിമധുര ഗാനങ്ങളുടെ അക്ഷയഖനിയാണ്. ക്ലാസിക്കൽ മലയാളം ഹിറ്റ്‌സ് തെരഞ്ഞെടുത്ത് തുടർച്ചയായുള്ള പാട്ടുകൾ ആവശ്യപ്പെട്ടാൽ അതും കേട്ടു കൊണ്ടിരിക്കാം. നമ്മൾ ജീവിക്കുന്നത് അറബി നാട്ടിലായതിനാൽ സൗദിയിലേയും യു.എ.ഇയിലേയും പത്ത്, ഇരുപത് സെക്കന്റുകൾ വരെയുള്ള പരസ്യങ്ങളും ഇടക്കിടെ  വന്നു കൊണ്ടേയിരിക്കും. അതാണ് പതിവ്. ചൊവ്വാഴ്ച ബെഡ് കോഫിക്കൊപ്പം റോസിയിലെ അല്ലിയാമ്പൽകടവിലന്നരക്ക് വെള്ളം.. പാട്ട് യുട്യൂബിൽ കേൾക്കാനായി തുറന്നപ്പോൾ പ്രത്യക്ഷപ്പെട്ട പരസ്യം യഥാർഥത്തിൽ ഞെട്ടിച്ചു. കേരളത്തിൽ നിന്നിറങ്ങുന്ന ഏതോ മുന്തിയ ഇനം ആട്ട കൊണ്ട് ചപ്പാത്തിയുണ്ടാക്കുന്നതിന്റെ ഗുണം മോഡലുകൾ  മലയാളത്തിൽ പറഞ്ഞ ശേഷമാണ് യേശുദാസിന്റെ അത്യാകർഷകമായ സ്വരത്തിൽ ക്ലാസിക്കൽ ഹിറ്റ് ഗാനം തുടങ്ങിയത്. അതായത് ഇന്റർനെറ്റിൽ നമ്മൾ തെരയുന്നതെല്ലാം മുകളിൽ നിന്നൊരാൾ വീക്ഷിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഫൈസലിയ ഡിസ്ട്രിക്റ്റിലെ ലാപ്‌ടോപിൽ യുട്യൂബിൽ പാട്ട് അന്വേഷിക്കുന്നത് മലയാളിയാണെന്നും ഇയാൾ കുറച്ച് ആട്ടപ്പൊടിയും വാങ്ങിക്കോട്ടെയെന്നും അജ്ഞാത കേന്ദ്രം തീരുമാനിക്കുന്നു. രഹസ്യങ്ങളില്ലാത്ത ഒന്നാണ് സൈബർ ഹൈവേയെന്ന് വേണം മനസ്സിലാക്കാൻ. ഇതാണ് കുറച്ചു കാലം മുമ്പ് ബുക്കർ ജേതാവായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് വിലയിരുത്തിയത്. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ജീവിതം ഇനിയങ്ങോട്ട് അസാധ്യമായിരിക്കുമെന്നാണ് അവർ വിലയിരുത്തിയത്. അതായ്‌ക്കോട്ടെ. സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഒരു കാൽ നൂറ്റാണ്ട് കേരളത്തിലെ ഏതെങ്കിലും പത്രം ഓഫീസിൽ നിന്ന് പോലീസ് സ്‌റ്റേഷനുകളിലേക്ക് അതത് ദിവസത്തെ വിശേഷങ്ങളറിയാൻ വിളിച്ചാൽ ലഭിക്കുന്ന പ്രധാന വാർത്തകളിലൊന്ന് പത്ത് മില്ലി ഗ്രാം കഞ്ചാവ് അതിസാഹസികമായി പോലീസ് പിടിച്ചെടുത്തതിനെ കുറിച്ചായിരിക്കും. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ സുകുമാരക്കുറുപ്പ് ആലപ്പുഴക്കടുത്ത് എൻ.എച്ച് 47ൽ കാറിലിട്ട് കത്തിച്ചത് കേരളം നടുക്കത്തോടെ വായിച്ച ഒറ്റപ്പെട്ട വാർത്തയായിരുന്നു എൺപതുകളിൽ. 
ഇപ്പോൾ കേരളത്തിലെ കുറ്റകൃത്യങ്ങൾ ബാങ്കോക്ക്, മെക്‌സിക്കോ എന്നീ നഗരങ്ങളെ കവച്ചു വെക്കുന്ന രീതിയിൽ മാറി. ഐ.ടി കുറ്റവാളികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സംസ്ഥാനം. 
ഇന്റർനെറ്റിന്റെ പുതിയ കാലത്തെ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ സൈബർ വിഭാഗമാണ് കേരള പോലീസിനുള്ളത്. സൈബർ ഡോമിന്റെ പ്രവർത്തനത്തിന് ആഗോള തലത്തിലും ദേശവ്യാപകമായും അംഗീകാരം ലഭിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണ് കേരളാ പോലീസിന്റെ ഓപ്പറേഷൻ മാതൃക.  കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണം വ്യാപകമാണ്. മുളയിലേ നുള്ളി കളയേണ്ട പ്രവൃത്തിയാണിത്. കേരള പൊലീസ് സൈബർ ഡോം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നതും ഈ പ്രതിരോധ പ്രവർത്തനമാണ്. ഇതിനെയാണിപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരും അഭിനന്ദിച്ചിരിക്കുന്നത്.
തന്ത്രശാലികളായ നിരവധി സൈബർ ക്രിമിനലുകളാണ് സൈബർ ഡോമിന്റെ വലയിലിപ്പോൾ വീണുകൊണ്ടിരിക്കുന്നത്. അസാധ്യം എന്ന് പറയുന്നതിനെ സാധ്യമാക്കി കാണിക്കുന്നവരാണ് ടീം സൈബർ ഡോം. ഇതിന് നേതൃത്വം കൊടുക്കുന്നത് കേരള പോലീസിലെ  എ.ഡി.ജി.പി മനോജ് എബ്രഹാമാണ്. സൈബർ കുറ്റകൃത്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച സൈബർ ഡോമിന് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഓപ്പറേഷൻ പി. ഹണ്ട് നടത്താൻ തീരുമാനമായിരുന്നത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് സാമൂഹിക വിപത്തിനെതിരെ നടപടി തുടങ്ങിയത്. 
കേരള പോലീസിന്റെ സൈബർ ഡോം കുറ്റവാളികൾക്കായി ഒരുക്കിയ സൂപ്പർ കെണിയാണ് ഓപ്പറേഷൻ പി. ഹണ്ട്. ഒറ്റ ദിവസം കൊണ്ട് 47 പേരെയാണ് അറസ്റ്റ് ചെയ്തത്. 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും പ്രതികരിച്ചതിനുമാണ് ഈ മിന്നൽ നടപടി. ഐപി വിലാസങ്ങളിലൂടെ കണ്ടെത്തിയ കേരളത്തിലെ 117 ഇടങ്ങളിൽ ജൂൺ 27ന് രാവിലെ ഒരേ സമയത്താണ് പി ഹണ്ട് റെയ്ഡ് നടത്തിയത്.  പിടിയിലായ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്. അറസ്റ്റിലായവരിൽ ഡോക്ടറും  പ്രൊഫഷണലുകളും  ഉൾപ്പെടുന്നുണ്ട്. ഇതിൽ ചിലർ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബർഡോം അധികൃതർ അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ൽ അധികം ഗ്രൂപ്പ് അഡ്മിൻമാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഞ്ച്  വർഷം വരെ തടവും പത്ത്  ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഡാർക്‌നെറ്റ് ചാറ്റ് റൂമുകൾക്കു പുറമേ വാട്‌സാപ്പിലും ടെലിഗ്രാമിലും ഇത്തരം ഗ്രൂപ്പുകൾ ഇക്കാലയളവിൽ പെരുകിയിട്ടുണ്ട്. വെബ്ക്യാം ദൃശ്യങ്ങൾ ഇരയുടെ അറിവുകൂടാതെ പകർത്താൻ കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളും പലരും ഉപയോഗിച്ചു വരുന്നുണ്ട്.
കേരളത്തിലെ രണ്ട് ലക്ഷത്തിലേറെ വാട്‌സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും  പോലീസ് നിരീക്ഷണത്തിലാണ്. ഫേസ്ബുക്ക്, വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ  സമൂഹമാധ്യമങ്ങളും ഇത്തരത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്.
ലോക് ഡൗൺ കാലത്ത് കുട്ടികളുടെ പഠനം മുതൽ, ബാങ്കിങ്, വർക്ക് ഫ്രം ഹോം തുടങ്ങിയവക്കായെല്ലാം  ഇന്റർനെറ്റ് ഉപയോഗം വളരെ കൂടുതലാണ്. ഇതും  ഓൺലൈൻ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ  വലിയ വർദ്ധനവിന് ഇടയാക്കി.  കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൽ സംസ്ഥാനത്തെ പോലീസ് സേന നിർണായക പങ്ക് വഹിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പാക്കാൻ പോലീസ് സേന സജീവമായി രംഗത്തുണ്ടായിരുന്നു. വിദ്യാ സമ്പന്നരായ മലയാളികളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായിരുന്നു. നിത്യം പത്രത്തിൽ കാണുന്ന ഇറ്റലിയിലെ കൂട്ട മരണം എടുത്തുകാട്ടിയായിരുന്നു ബോധവൽക്കരണം. അത് ഫലിക്കുകയും ചെയ്തു. 
പോലീസിന് തലവേദന സൃഷ്ടിക്കുന്ന വിധത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് പലേടത്തും അരങ്ങേറുന്നത്. കഠിനംകുളം കേസും കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയെ അയൽക്കാരൻ  കൊന്ന കേസിലും കേരള പോലീസിന്റെ മികവ് പ്രകടമായി. ഉത്രവധക്കേസും അത്യപൂർവ ഗണത്തിൽപെടുന്നു. സ്വത്ത് കൈക്കലാക്കാൻ നവവധുവിനെ വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്ന  കേസിലെ അന്വേഷണം പുരോഗമിച്ചു വരികയാണ്.   ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.  തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. പാമ്പിന്റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉത്രക്ക് ഉറക്കഗുളിക നൽകിയതായി സൂരജ് മൊഴി നൽകിയിരുന്നു.  ഇക്കഴിഞ്ഞ മെയ് 6നാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. ഇതൊന്നും പോരാഞ്ഞ് സിനിമാ നടിയ്ക്ക് വിവാഹ ആലോചനയുമായെത്തിയ മാഫിയയെ കുറിച്ചുള്ള അന്വേഷണം. കേരള പോലീസിന്റെ പ്രാഗത്ഭ്യം മുമ്പേ അയൽ സംസ്ഥാനങ്ങൾ തിരിച്ചറിഞ്ഞതാണ്. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ സംഘർഷമുണ്ടാവുമ്പോൾ കേരളത്തിന്റെ ആംഡ് ഫോഴ്‌സിന്റെ സേവനം മുമ്പേ ഉപയോഗപ്പെടുത്താറുണ്ട്. 


 

Latest News