ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ അവരുടെ ബെംഗളൂരുവിലെ വീട്ടില്‍ വെടിവച്ചു കൊന്ന കൊലയാളികളെ തിരിച്ചറിഞ്ഞെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും ആരാണ് കൊലയാളികളെന്ന് അറിയാമെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അഞ്ചിനാണ് 55-കാരിയ ഗൗരി വീട്ടുപടിക്കല്‍ ഹെല്‍മെറ്റ് ധരിച്ച അജ്ഞാത ആക്രമികളുടെ വെടിയേറ്റു മരിച്ചത്.

 

വലതുപക്ഷ തീവ്രഹിന്ദുത്വയുടെ വിമര്‍ശകയായ ഗൗരിയുടെ കൊലയാളികളെ പിടികൂടാനാകത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനം ശക്തമാണ്. ഗൗരിയുടെ കൊലപാതകത്തിന് 2015 ല്‍   നടന്ന എംഎം കല്‍ബുര്‍ഗി കൊലപാതകവുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി നേരത്തെ അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു. 

 

കല്‍ബുര്‍ഗിയെ വധിക്കാനുപയോഗിച്ച തോക്കു തന്നെയാണ് ഗൗരിയെ വധിക്കാനും ഉപയോഗിച്ചതെന്ന ബലമായ സംശയമുണ്ട്. വെടിയുണ്ടകള്‍ വിശദപരിശോധനകള്‍ക്കായി സ്‌കോട്‌ലാന്‍റ്  യാര്‍ഡ് കുറ്റാന്വേഷകര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. രണ്ടു കൊലപാതകങ്ങളേയും ബന്ധപ്പെടുത്തുന്നതിന് ഈ വെടിയുണ്ടകള്‍ നിര്‍ണായകമാണ്. 

Latest News