Sorry, you need to enable JavaScript to visit this website.

ഒ.ബി.സി സമുദായങ്ങളെ ഇനംതിരിക്കാൻ പുതിയ കമ്മീഷൻ 

ന്യൂദൽഹി-  രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) വീണ്ടും തരംതിരിച്ച് സംവരണം വെട്ടിക്കുറക്കുന്നതിന് വേണ്ടി കേന്ദ്രം പുതിയ കമ്മീഷനെ നിയോഗിച്ചു. ദൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ കമ്മീഷനെ നിയമിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഒബിസി വിഭാഗങ്ങളെ വീണ്ടും തരംതിക്കാനുള്ള നീക്കം രാജ്യത്തുടനീളം രാഷ്ട്രീയമായ അനന്തരഫലങ്ങളുണ്ടാക്കുന്ന സുപ്രധാന വിഷയമായാണ് ഒബിസി വിഭാഗങ്ങളെ വീണ്ടും തരംതിക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്. ഒബിസി സമുദായങ്ങളിലെ ഏറ്റവും താഴെ തട്ടിലുള്ളവർക്ക് സംവരണം ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
രാജ്യത്തെ പിന്നാക്ക സംവരണത്തിൽ നാഴികക്കല്ലായി മാറിയ മണ്ഡൽ കമ്മീഷന്റെ നിർദേശമനുസരിച്ച് നടപ്പിലാക്കിയ സംവരണത്തിന്റെ ഗുണഫലം സാമൂഹികമായും സാമ്പത്തികമായും ശക്തരായ ഒബിസി വിഭാഗങ്ങളുടെ കുത്തകയായി മാറിയെന്ന ആരോപണ ഉയർന്നിരുന്നു. ഏറ്റവും താഴെതട്ടിലുള്ള വിവിധ ജാതിക്കാരുടെ ഈ പരാതികളുടെ ചുവടു പിടിച്ചാണ് കേന്ദ്ര സർക്കാർ ഒബിസി വിഭാഗങ്ങളെ വീണ്ടും ഇനം തിരിച്ച് സംവരണ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ മുതിരുന്നത്.
പ്രബലരായ ഒബിസി വിഭാഗങ്ങൾക്കിടയിൽ ഈ നീക്കം സമ്മിശ്രപ്രതികരണമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലിനു ശേഷം കരുത്താർജ്ജിച്ച ഒബിസി സമുദായങ്ങളുടെ ശക്തമായ പിന്തുണയുള്ള രാഷ്ട്രീയപാർട്ടികളായ ലാലു പ്രസാദിന്റെ ആർ.ജെ.ഡി, മുലായം സിങിന്റെ എസ്.പി എന്നീ പാർട്ടികൾക്ക് കടുത്ത വെല്ലുവിളിയാകും ഒ.ബി.സി പുനർനിർണയം.
വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നാക്കക്കാരായ ഒ.ബി.സി സമുദായങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് നേട്ടമുണ്ടാക്കിയ ബി.ജെ.പിക്ക് ഈ നീക്കം ഏറെ ഗുണം ചെയ്യും. യു.പി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ വലിയ ഘടകവും ഇതായിരുന്നു. പിന്നാക്ക വിഭാഗക്കാരുടെ പാർട്ടികളായ എസ് പി, ബിഎസ്പി എന്നിവരേക്കാൾ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു.
ചെന്നൈയിലെ സെന്റർ ഫോർ പോളിസി സ്റ്റഡീസ് ഡയറക്ടർ ജെ കെ ബജാജ്, ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ, രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ, സാമൂഹിക നീതി വകുപ്പ് മന്ത്രാലയം സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. മൂന്ന് മാസമാണ് കമ്മീഷൻ കാലാവധി. 
കേന്ദ്ര സർക്കാർ ജോലികൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്ക് അർഹമായ തുല്യ ഗുണഫലം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഉപ വർഗീകരണത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കലാണ് കമ്മീഷന്റെ ചുമതല. കേന്ദ്ര പട്ടികയിൽ ഉൾപ്പെട്ട ഒബിസി സമുദായങ്ങളേയും ഉപജാതികളേയും വിശദമായി പരിശോധിച്ച് ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉപവർഗീകരണം നടത്തും.
 

Latest News