റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പുതിയ ഉത്തേജക പദ്ധതിയുടെ ഭാഗമായി, കൊറോണ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ 70 ശതമാനം സൗദി ജീവനക്കാരുടെയും പ്രത്യാഘാതങ്ങൾ കുറച്ചു മാത്രം ബാധിച്ച സ്ഥാപനങ്ങളിലെ പരമാവധി 50 ശതമാനം സൗദി ജീവനക്കാരുടെയും വേതന വിഹിതമാണ് വഹിക്കുകയെന്നും ഇതേ കുറിച്ച വിശദാംശങ്ങൾ പത്തു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെ മേലുള്ള കൊറോണ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയിലൂടെ സാധിച്ചു. ഗുണഭോക്താക്കളായ സൗദി ജീവനക്കാരുടെ വേതനം സാനിദ് പദ്ധതി വഴി വിതരണം ചെയ്തതിനു പുറമെ, പദ്ധതി ഗുണഭോക്താക്കളായ മുഴുവൻ സൗദി ജീവനക്കാരുടെയും ഗോസി വരിസംഖ്യ അടക്കുന്നതിൽ നിന്നും ഇളവ് നൽകിയിരുന്നു. സ്വകാര്യ മേഖലയിൽ സൗദികളുടെ തൊഴിൽ നഷ്ടപ്പെടാതെ നോക്കാൻ ഇതിലൂടെ കഴിഞ്ഞു. നേരത്തെ മൂന്നു മാസത്തേക്കാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനം സാനിദ് പദ്ധതി വഴി വിതരണം ചെയ്തത്. ഇതിന്റെ പ്രയോജനം 90,000 ത്തിലേറെ സ്ഥാപനങ്ങളിലെ 4,80,000 ലേറെ സൗദി ജീവനക്കാർക്ക് ലഭിച്ചു. ഇവർക്ക് സാനിദ് പദ്ധതി വഴി 350 കോടിയിലേറെ റിയാൽ വിതരണം ചെയ്തതായും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.