Sorry, you need to enable JavaScript to visit this website.

യു.എൻ റിപ്പോർട്ട് ഇറാന്റെ യഥാർഥ മുഖം  തുറന്നുകാട്ടുന്നു -ഖാലിദ് രാജകുമാരൻ

റിയാദ്- സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാനുള്ള പങ്ക് സ്ഥിരീകരിക്കുന്ന യു.എൻ റിപ്പോർട്ട് ഇറാന്റെ യഥാർഥ മുഖമാണ് അനാവരണം ചെയ്യുന്നതെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ. ആയുധങ്ങൾ ലഭിക്കുന്നതിൽനിന്ന് ഇറാനെ അന്താരാഷ്ട്ര സമൂഹം തടയണം. ഇറാന്റെ അക്രമോത്സുകവും ശത്രുതാപരവുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കാനുദ്ദേശിച്ചാണ് സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങളിലടക്കമുണ്ടായ ആക്രമണങ്ങളിൽ യു.എൻ അന്വേഷണം ആവശ്യപ്പെടാൻ സൗദി അറേബ്യ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 


യു.എൻ റിപ്പോർട്ട് ഇറാന്റെ ഇരുണ്ട മുഖം തുറന്നുകാട്ടുന്നതായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും പറഞ്ഞു. ഇറാൻ ഭരണകൂടത്തിന്റെ അക്രമോത്സുക സ്വഭാവം ലോകം ഇന്ന് കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളും, തങ്ങളുടെ ചട്ടുകങ്ങൾക്കുള്ള പിന്തുണയും ഇറാൻ നിർത്തിവെക്കണം. ഏതെങ്കിലും രീതിയിൽ ആയുധം നേടുന്നതിൽ നിന്ന് ഇറാനെ തടയുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇറാന്റെ ഭീകരപ്രവർത്തനങ്ങൾ തടയുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണം. മേഖലയുടെ കാര്യത്തിൽ അന്ധകാരനിബിഡമായ കാഴ്ചപ്പാടാണ് ഇറാനുള്ളത്. മേഖലയുടെ സ്ഥിരതയും നല്ല അയൽപക്ക ബന്ധങ്ങളുമാണ് മറ്റു മേഖലാ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. ബാലിസ്റ്റിക്, ആണവ ആയുധ പദ്ധതികൾ വികസിപ്പിക്കുന്നതിൽ നിന്ന് ഇറാനെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു. 


കൂടുതൽ വിനാശകരമായ പ്രവർത്തനങ്ങൾ നടത്താൻ ഇറാന് അവസരം നൽകരുതെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ആവശ്യപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രക്ഷാ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട് വിശകലനം ചെയ്യാൻ വിർച്വൽ രീതിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ആയുധ ഉപരോധം യു.എൻ രക്ഷാസമിതി ദീർഘിപ്പിക്കുമെന്നാണ് കരുതുന്നത്. ഇറാനിൽ നിന്ന് നിരവധി ഭീഷണികളും പ്രകോപനങ്ങളും സൗദി അറേബ്യ നേരിട്ടിട്ടുണ്ട്. സൗദി അറേബ്യക്കെതിരായ ഏതു ആക്രമണത്തെയും രാജ്യം ചെറുക്കും. 


പരമാധികാരവും രാജ്യത്തിന്റെ അതിർത്തികളും സംരക്ഷിക്കാനും സൈനികർക്കും പൗരന്മാർക്കും സംരക്ഷണം നൽകാനും സാധ്യവും നിയമാനുസൃതവുമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കും. കിഴക്കൻ സൗദിയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും അബഹ ഇന്റർനാഷനൽ എയർപോർട്ടിനും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാന് നേരിട്ടുള്ള പങ്കും ഉത്തരവാദിത്തവും യു.എൻ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
തങ്ങൾക്ക് തോന്നിയ പോലെ ഇറാന് ഇടപെടാനുള്ള വേദിയല്ല മധ്യപൗരസ്ത്യദേശം. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ ഇറാൻ വിട്ടുനിൽക്കണം. ഇറാനെതിരായ ആയുധ ഉപരോധം ദീർഘിപ്പിക്കുന്ന കാര്യം ആഗോള സമൂഹം ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ഇറാന്റെ ശത്രുതാപരവും വിനാശകരവുമായ പ്രവർത്തനങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്ന മിനിമം കാര്യമാണിത്. 


യു.എൻ റിപ്പോർട്ടിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് അനധികൃതമായി ആയുധങ്ങൾ നൽകി ഇറാൻ നടത്തുന്ന ഗുരുതര നിയമ ലംഘനങ്ങളെ കുറിച്ച് സൗദി അറേബ്യ നിരന്തരം രക്ഷാ സമിതിയുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. സൗദിയിൽ സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്താൻ ഹൂത്തികൾക്ക് ഇറാനാണ് പിന്തുണ നൽകുന്നത്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഹൂത്തികൾ ഉപയോഗിച്ച നിരവധി ആയുധങ്ങളുടെ ഉറവിടം ഇറാനാണെന്ന് യു.എൻ റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്.
2016 നു ശേഷമാണ് ഈ ആയുധങ്ങൾ ഇറാൻ യെമനിൽ ഹൂത്തികൾക്ക് എത്തിച്ചു നൽകിയത്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളിലെ ഇറാന്റെ പങ്ക് യു.എൻ 2231, 2216 പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. 

Latest News