ദമാം- ആട് ജീവിതവും ഗാർഹിക പീഡനവും അതിലേറെ ക്രൂരമായ പീഡനങ്ങളും കേട്ട് മരവിച്ച പ്രവാസ മനസ്സുകളിൽ കരുണയുടെയും ആർദ്രതയുടെയും നീരുറവു വറ്റിയിട്ടില്ലാത്ത പ്രവാസ ജീവിതത്തിന്റെ മറ്റൊരു വാതായനം തുറക്കുകയാണ് തൃശൂർക്കാരൻ സലീമിന്റെ പ്രവാസ ജീവിതത്തിലൂടെ. മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പാണ് സഫവയിലെ ഒരു വീട്ടിൽ തോട്ടം ജോലിക്കും, വീട് മേൽനോട്ടത്തിനുമൊക്കെയായി തൃശൂർ കൂർക്കഞ്ചേരിയിൽ നിന്നും സലിം ഹസൻ എത്തുന്നത്. അക്കാലത്ത് സഫവ ഇന്നി കാണുന്ന വികസന കുതിപ്പിലേക്ക് എത്തിയിട്ടില്ല. ഈന്തപ്പഴ തോട്ടങ്ങളും പച്ചക്കറി കൃഷിയിടങ്ങളും മാത്രമുള്ള ഈ പ്രദേശത്ത് വിദേശികളായവർ വളരെ കുറവായിരുന്നു. ഭാഷയോ മറ്റു പരിജ്ഞനമോ ഇല്ലാതെ സ്വർണ്ണം വിളയുന്ന മണലാരണ്യത്തിൽ സമ്പാദ്യത്തിന്റെ വിളവെടുപ്പിനെത്തിയ സലിമിനെ അന്നത്തെ സ്‌പോൺസർ ഏറെ സ്‌നേഹതോടെയാണ് വരവേറ്റത്. അക്കാലത്ത് സ്‌പോൺസറുടെ മക്കളൊക്കെ ചെറിയ കുഞ്ഞുങ്ങളായിരുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെയുള്ള പരിചരണവും സ്‌നേഹവുമാണ് സലിം ഹസന് ലഭിച്ചത്. 28 കൊല്ലം ആ വീട്ടിൽ ജോലിചെയ്ത സലിം ഹസൻ ഒരിക്കൽ നാട്ടിൽ പോയപ്പോൾ രോഗം പിടിപെട്ട് തിരികെ വരാൻ കഴിയാതാവുകയായിരുന്നു. ആ സമയത്തും ഇവർ തമ്മിൽ ഫോൺ ചെയ്ത് സുഖ വിവരങ്ങൾ അന്വേഷിക്കുകയും അത്യാവശ്യ സഹായങ്ങൽ എത്തിച്ച് നൽകുകയും ചെയ്തിരുന്നു. രണ്ട് വർഷത്തോളം സലിം ഹസന് നാട്ടിൽ തന്നെ തുടരേണ്ടി വന്നു. ഈ സമയത്ത് സ്‌പോൺസർ മരണപ്പെടുകയും ചെയ്തു. തനിക്ക് വീണ്ടും സൗദിയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് സ്‌പോൺസറുടെ മൂത്തമകൻ അബ്ദുള്ള സാദ് സാലേ അൽ മസൗരിയോട് പറഞ്ഞതോടെ അദ്ദേഹം ഹസന് വിസ അയച്ചുകൊടുത്തു. 10 കൊല്ലമായി ഇദ്ദേഹത്തോടൊപ്പമാണ് സലിം ഹസൻ ജോലിചെയ്തിരുന്നത്.
തനിക്ക് 12 വയസ്സുള്ളപ്പോൾ ഉപ്പയുടെ ജോലിക്കാരനായി എത്തിയ സലിം ഹസനോട് ഉപ്പയോടുള്ള ബഹുമാനവും സ്‌നേഹവുമാണ് അബ്ദുള്ള സാദിനുമുള്ളത്. തന്‍റെ പിതാവിന്‍റെ കൂടെ മാർക്കറ്റുകളിലെക്കും മത്സ്യം പിടിക്കുന്നതിനു മറ്റും പോകുന്നതും യാതൊരു വേർതിരിവുമില്ലാതെ സഹോദരങ്ങളെ പോലെ തന്റെ പിതാവും സലിം ഹസനും ഇടപെടുന്നതും കണ്ട അബ്ദുള്ള സാദും ആ വഴിക്ക് തന്നെ സഞ്ചരിക്കുകയും സലിം ഹസനോട് കൂടുതൽ ചങ്ങാത്തം സൃഷ്ടിക്കുകയും ചെയ്തു. മൂന്നു മാസം മുമ്പ് ഒരു ദിവസം ഹസൻ തളർന്നു വീഴുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ ചികിൽസിച്ചതിനുശേഷം ഒരു മാസം മുമ്പ് ഹസനെ സ്വന്തം വീട്ടിൽ മജിലിസിൽ കട്ടിലിൽ കിടത്തി പരിചരിക്കുകയായിരുന്നു അബ്ദുള്ളയും കുടുംബവും. സലിം ഹസനെ താങ്ങിയെടുത്ത് ബാത്‌റൂമിൽ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതുമൊക്കെ ഇദ്ദേഹവും മക്കളുമായിരുന്നു. ഈ സാഹചര്യത്തിൽ തനിക്കു നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന സലിം ഹസന്റെ അഭ്യർത്ഥന അബ്ദുള്ള സാദ് അംഗീകരിച്ചു.
സാമൂഹ്യ പ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെയാണ് സലിം ഹസന് കഴിഞ്ഞ ദിവസം ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള നോർക്ക ഹെൽപ് ഡസ്‌കിന്റെ വിമാനത്തിൽ സീറ്റ് തരപ്പെടുത്തിയത്. നാസ് മുൻകൈ എടുത്തതോടെ 38 കൊല്ലം സൗദിയിൽ ജോലിചെയ്തിട്ടും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത സലിം ഹസന് തൃശുർ നാട്ടുകൂട്ടം ഒന്നരലക്ഷത്തിലധികം രൂപയാണ് സഹായമായി നൽകിയത്. താജു അയ്യാറിലും, ഷഫീഖും, ഹമീദ് കണിച്ചാട്ടിലുമാണ് അതിന് നേതൃത്വം നൽകിയത്. സ്വന്തം വീട്ടിൽ മകൾ പ്രസവിച്ചുകിടക്കുന്നതിനാൽ പാലക്കാടുള്ള സഹോദരിയുടെ വീട്ടിലാണ് സലിം ഹസൻ ക്വാറൻൈൻ കാലം പൂർത്തിയാക്കുക. തന്റെ സ്വപ്‌നങ്ങൾ എല്ലാം ബാക്കിയാക്കി പ്രവാസ ജീവിതത്തിന് വിരാമമിട്ടു സലിം ഹസൻ തന്റെ സ്‌നേഹ നിധിയായ സ്‌പോൺസർക്കും കുടുംബത്തിനും നന്ദി പറഞ്ഞു നാട്ടിലേക്ക് മടങ്ങി.