സി.എ.എ വിരുദ്ധ സമരം: നഷ്ടപരിഹാരം ഈടാക്കാന്‍ രണ്ട് കടകള്‍ സീല്‍ ചെയ്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ വരുത്തിയ നാശനഷ്ടം ഈടാക്കാനെന്ന പേരില്‍ രണ്ട് കടകള്‍ സീല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി  തലസ്ഥാനമായ ലഖ്‌നൗവിലാണ് രണ്ട് ഷോപ്പുകള്‍ അധികൃതര്‍ അടച്ചുപൂട്ടിയത്. ചെറിയ ആക്രിക്കട അടച്ചു
പൂട്ടി അധികൃതര്‍ റൊട്ടിയാണ് (ഉപജീവനമാര്‍ഗം) തട്ടിയെടുത്തിരിക്കുന്നതെന്നും തനിക്ക് ഒന്നും ചിന്തിക്കാനാവുന്നില്ലെന്നും ആകെ അസ്വസ്ഥനായ മഹെനൂര്‍ ചൗധരി പറഞ്ഞു.
വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴേക്കും അവര്‍ കടയ്ക്ക് മുദ്രവെച്ചുവെന്ന്  മഹെനൂര്‍ ചൗധരി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊതു,സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനായി ലഖ്‌നൗവിലെ രണ്ടു കടകളാണ് ആദ്യഘട്ടത്തില്‍ സീല്‍ ചെയ്തിരിക്കുന്നത്. ആക്രി കടക്കു പുറമെ മറ്റൊരു വസ്ത്രശാലയാണ് പൂട്ടിയിരിക്കുന്നത്. ഈ ടെക്‌സ്റ്റൈല്‍സിലെ അസിസ്റ്റന്റ് മാനേജര്‍ ധരംവീര്‍ സിംഗ് പ്രതികളില്‍ ഉള്‍പ്പെടുന്നു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി 57 പേര്‍ക്ക് ഇതിനകം ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹസന്‍ഗഞ്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത 13 പേരില്‍ ഉള്‍പ്പെടുന്നവരാണ് ചൗധരിയും ധരംവീര്‍സിംഗും. ഇവിടെ 13 പ്രതികളില്‍നിന്ന് 21.76 ലക്ഷം രൂപ ഈടാക്കുന്നതിനാണ് നോട്ടീസ് നല്‍കിയത്. നാല് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 57 പേരില്‍നിന്നായി 1.56 കോടി രൂപ ഈടാക്കാനാണ് ലഖ്‌നൗ ജില്ലാ അധികൃതര്‍ മൊത്തത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തില്‍ അപമാനിക്കുന്നതിനായി ഇവരുടെ പേരുകളും ഫോട്ടോകളും നഗരത്തില്‍ പ്രദര്‍ശിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു.
2019 ഡിസംബര്‍ 19 നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് രണ്ട് കടകള്‍ സീല്‍ ചെയ്തതെന്ന് ലഖ്‌നൗ തഹസില്‍ദാര്‍ ശംഭു ശരണ്‍ പറഞ്ഞു. അടച്ചുപൂട്ടുന്നതിനുമുമ്പ് ഇവര്‍ക്ക് തുക അടക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിലോ അക്രമത്തിലോ താന്‍ പങ്കെടുത്തിട്ടില്ലെന്നും തെറ്റായാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ചൗധരി പറയുന്നു. ഡിസംബര്‍ 19-ന് ഷോപ്പില്‍നിന്ന് വീട്ടിലേക്ക് മടങ്ങുേമ്പാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ റോഡിലുണ്ടായിരുന്ന ജനങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. എ.ഡി.എം കോടതിയില്‍ കാണിച്ച ഫോട്ടോയില്‍ തന്റെ കൈയില്‍ കല്ലോ വടിയോ ഇല്ലെന്നും മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തിനുശേഷമാണ് ഷോപ്പില്‍നിന്ന് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലോക് ഡൗണിന് മുമ്പുതന്നെ, 10, 13, 15 വയസ് പ്രായമുള്ള  മൂന്ന് മക്കളെ പോറ്റാനും പഠിപ്പിക്കാനും പാടുപെട്ടിരുന്ന ചൗധരിയുടെ കട സീല്‍ വെക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

 

 

Latest News