Sorry, you need to enable JavaScript to visit this website.

പ്രളയം: നിലമ്പൂരിൽ 12 വീടുകളടങ്ങിയ  പീപ്പിൾസ് വില്ലേജ് സമർപ്പണം നാളെ

നിലമ്പൂരിൽ പ്രളയബാധിതർക്കായി നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പീപ്പിൾസ് വില്ലേജ്.

മലപ്പുറം - പ്രളയാനന്തര കേരള പുനർനിർമാണത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂരിൽ ഒരുക്കിയ പീപ്പിൾസ് വില്ലേജിന്റെ സമർപ്പണം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
12 വീടുകളും കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് പീപ്പിൾസ് വില്ലേജ്. 2018 െല പ്രളയ കാലത്തെ നൊമ്പരമായിരുന്ന നിലമ്പൂർ നമ്പൂരിപ്പെട്ടി പ്രദേശത്താണ് പദ്ധതി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി കടുംബങ്ങൾക്കാണ് ഇവിടെ സർവതും നഷ്ടപ്പെട്ടത്. 


വൈകീട്ട് നാലിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസി. അമീർ മുഹമ്മദ് സലീം എൻജിനീയർ എന്നിവർ വീഡിയോ കോൺഫറൻസ് വഴി പരിപാടിയിൽ സംബന്ധിക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, അനിൽകുമാർ എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, പി.വി.അൻവർ എം.എൽ.എ, ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര, മജീഷ്യൻ മുതുകാട്, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, ശാന്തപുരം അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം വാണിയമ്പലം, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് തുടങ്ങിയവരും പങ്കെടുക്കും. 


പീപ്പിൾസ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂർ ശ്രീകണ്ഠാപുരത്തെയും 600 ൽപരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സ്‌റ്റൈനബിൾ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 


140 വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും നടപ്പ് വർഷം തന്നെ പൂർത്തീകരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, വൈസ് ചെയർമാൻ സഫിയ അലി, സെക്രട്ടറി എം.അബുൽ മജീദ്, സാദിഖ് ഉളിയിൽ, ഹമീദ് സാലിം, സലീം മമ്പാട്, അബൂബക്കർ കരുളായി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 


 

Latest News