കൊണ്ടോട്ടി - ജീവിത പ്രതിസന്ധിയിൽപെട്ട് തിരിച്ചെത്തുന്ന പ്രാവാസികളെ കല്ലെറിയുന്നവർക്ക് മുമ്പിൽ സൗദിയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വീകരണവും സംരക്ഷണ കേന്ദ്രവുമൊരുക്കി മുസ്‌ലിം ലീഗ്, കെ.എം.സി.സി പ്രവർത്തകരുടെ വേറിട്ട കാഴ്ച. കരിപ്പൂർ മേഖലാ മുസ്‌ലിം ലീഗും കെ.എം.സി.സിയും ചേർന്നാണ് റിയാദിൽ നിന്ന് നാട്ടിലെത്തിയവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കി ഹൃദ്യമായ സ്വീകരണം നൽകിയത്.
മൂന്ന് മസത്തോളമായി ജോലി നഷ്ടപ്പെട്ട് റിയാദിൽ കുടുങ്ങിയ പ്രവാസികളെ റിയാദ് കെ.എം.സി.സി, കരിപ്പൂർ മേഖല ഗ്ലോബൽ കെ.എം.സി.സി നേതാക്കളുടെ ഇടപെടലായിരുന്നു നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. ഇന്നലെ രാത്രിയോടെ കരിപ്പൂരിലെത്തിയ ഇവർക്ക് ആവശ്യമായ ക്വാറന്റൈൻ സൗകര്യം ഒരുക്കുകയും, സെന്റർ അണുവിമുക്തമാക്കി കിടക്കയും മറ്റു സൗകര്യങ്ങളും ഒരുക്കുകയുമായിരുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ വേണ്ടി ഒരു പ്രത്യേക വളണ്ടിയർ വിങ്ങിനെയും ഒരുക്കിയിട്ടുണ്ട്. കരിപ്പൂർ മുസ്‌ലിം ലീഗ് നേതാക്കളായ കെ. മൂസക്കുട്ടി, പി.എ അഷ്‌കർ ബാബു, കീടക്കടൻ അബ്ദുറഹിമാൻ, കെ.ഉമറുൽ ഫാറൂഖ്, സി.ബാലൻ, കരീം പുതിയത്തുംകണ്ടി, കെ.എം.സി.സി നേതാക്കളായ മുസ്തഫ കുട്ടശേരി, പി.കെ നൗഷാദ്, ടി.പി റഷീദ്, ജലീൽ മക്കക്കാട്ടിൽ, മുനീർ കോപ്പിലാൻ, അൽത്താഫ് ഹുസൈൻ, ഷഫീഖ് നേതൃത്വം നൽകി.