Sorry, you need to enable JavaScript to visit this website.

ഹജ്: ബലികർമ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി

മക്ക- ഈ വർഷത്തെ ഹജ് സീസണിൽ ബലികർമം നിർവഹിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി (അദാഹി) അറിയിച്ചു. ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിശ്വാസികളെയും തീർഥാടകരെയും പ്രതിനിധീകരിച്ച് ബലികർമം നിർവഹിക്കുന്നിന് അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയത്. അഖീഖത്ത് ആയും ഫിദ്‌യ ആയും ബലികർമം നിർവഹിച്ച് മാംസം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വർഷം മുഴുവൻ ഇതിനാവശ്യമായ പണമടച്ച് അപേക്ഷ നൽകാവുന്നതാണ്. 
പദ്ധതിയുടെ വെബ്‌സൈറ്റ് (adahi.org) വഴിയാണ് ബലികർമത്തിനുള്ള പണമടക്കേണ്ടത്. കൊറോണയുടെ പശ്ചാത്തലത്തിൽ ബലികർമത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനും ശരീഅത്ത് അനുസരിച്ച കൃത്യസമയത്ത് ബലികർമം നിർവഹിക്കാനും മുഴുവൻ സാങ്കേതിക ശേഷികളും പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്. അൽറാജ്ഹി, അൽബിലാദ് ബാങ്കുകൾ വഴിയും ബലി കൂപ്പണുകൾ ലഭിക്കും. 


ശരീഅത്ത്, ആരോഗ്യ വ്യവസ്ഥകൾ പൂർണമായും പാലിച്ചാണ് ബലികർമം നിർവഹിക്കുക. യോഗ്യരായ വെറ്ററിനറി ഡോക്ടർമാരുടെയും ശരീഅത്ത്കാര്യ വിദഗ്ധരുടെയും മേൽനോട്ടത്തിൽ മക്കയിലെ കശാപ്പുശാലകളിലാണ് ബലികർമം നിർവഹിക്കുക. കഴിഞ്ഞ മാസങ്ങളിൽ പദ്ധതി പത്തു ലക്ഷത്തോളം ആടുകളുടെ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സൗദി അറേബ്യക്കകത്ത് 25 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ബലിമാംസം വിതരണം ചെയ്തു. ഇസ്‌ലാമിക് രാജ്യങ്ങളിലേക്ക് മൂന്നു ലക്ഷം ആടുകളുടെ ഇറച്ചി കയറ്റി അയച്ചു. 15 ലക്ഷം കുടുംബങ്ങൾക്ക് ഇവ പ്രയോജനപ്പെട്ടു. 
ബലികൂപ്പൺ വാങ്ങൽ പ്രക്രിയ എളുപ്പമാക്കിയ ഓൺലൈൻ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തുകയും ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽനിന്ന് അകന്നുനിൽക്കുകയും വേണമെന്ന് അദാഹി ആവശ്യപ്പെട്ടു. ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി നടത്തിപ്പ് ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കാണ് വഹിക്കുന്നത്. 

Latest News